44 ലക്ഷത്തിന്റെ അസാധു നോട്ടുകളുമായി വയനാട്ടില്‍ മൂന്ന് പേര് പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: നിരോധിച്ച നോട്ടുകളുമായി മൂന്നംഗ സംഘം പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ സുല്‍ത്താന്‍ ബത്തേരി-കോട്ടക്കുന്നില്‍ പൊലിസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. കോഴിക്കോട് കുന്നമംഗലം സ്വദേശികളായ പൂളക്കാമണ്ണില്‍ പി.എന്‍ മുഹമ്മദ് (31), അച്ചന് കണ്ടിയില്‍ എ.കെ ജംഷീര്‍ (30), മാനന്തവാടി സ്വദേശിയായ മീത്തില്‍ വീട് എം റസാഖ് (41) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 44,42,000 രൂപയുടെ അസാധു നോട്ടുകള്‍ കണ്ടെടുത്തിട്ടുണ്ട്. നിരോധിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ് പിടികൂടിയത്.
മാനന്തവാടി ഡിവൈ.എസ്.പി എം.ഒ ദേവസ്യയുടെ നേതൃത്വത്തിലാണ് പിടിയിലായവരെ ചോദ്യം ചെയ്തത്. കാസര്‍കോട് നിന്നാണ് പണം കൊണ്ടുവന്നതെന്നാണ് ഇവരില്‍ നിന്നും പൊലിസിന് ലഭിച്ച വിവരം. മാനന്തവാടിയില്‍ എത്തിച്ചു നല്കിയാല് 10 ലക്ഷം രൂപ ലഭിക്കുമെന്നുമാണ് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ പൊലിസിനോട് പറഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
എസ്.ഐ എന്‍ അജീഷ് കുമാര്‍, അഡീഷനല്‍ എസ്.ഐ ജോണി, എസ്.സി.പി.ഒ പ്രമോദ്, മാത്യു, സി.പി.ഒ പ്രവീണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."