പുതുവത്സരദിനം ആദിവാസികള്‍ക്കൊപ്പം ആഘോഷമാക്കി ചെന്നിത്തല
കൊച്ചി: രാഷ്ട്രീയ തിരക്കുകള്‍ക്ക് വിശ്രമം നല്‍കി പുതുവത്സരദിനം ആദിവാസികളോടൊപ്പം ആഘോഷമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ന്നു വരുന്ന ആദിവാസി ഊര് സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ കോതമംഗലം കുട്ടമ്പുഴയിലെ ആദിവാസി ഊരുകളിലെത്തിയ രമേശ് ചെന്നിത്തലയും ഭാര്യ അനിത രമേശും ഊര് നിവാസികള്‍ക്കൊപ്പം പുതുവത്സര ദിനം പങ്കിട്ടു.
രാവിലെ 9.30 ന് ബ്ലാവന കടത്തിലെത്തിയ രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ബ്ലാവന കടത്ത് കടന്ന് കുഞ്ചിപ്പാറ കുടിയിലേക്ക്. തീര്‍ത്തും സഞ്ചാര യോഗ്യമല്ലാത്തതും ദുര്‍ഘടം നിറഞ്ഞതുമായ പാതയിലൂടെയുള്ള യാത്ര. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മെഡിക്കല്‍ സംഘവും ഫോറസ്റ്റ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ചെന്നിത്തലയെ അനുഗമിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട അതിസാഹസിക യാത്രയ്‌ക്കൊടുവില്‍ 10.30ഓടെ കുഞ്ചിപ്പാറയിലെത്തിയ പ്രതിപക്ഷനേതാവിനെ സ്വീകരിക്കാന്‍ നേരത്തെ തന്നേ ഊരു നിവാസികള്‍ എത്തിയിരുന്നു. തുടിപ്പാട്ടും കുമ്മിയാട്ടവും താലപ്പൊലിയും തനത് കലാരൂപങ്ങളുമായി ഒരുനാട് ഒന്നടങ്കം സ്വീകരണച്ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. കരഘോഷങ്ങളും ആര്‍പ്പുവിളികളുമായ് ഊര് നിവാസികള്‍ കളം നിറഞ്ഞതോടെ കുഞ്ചിപ്പാറയ്ക്ക് പുതുവര്‍ഷം അക്ഷരാര്‍ഥത്തില്‍ ആഘോഷമായി.
പരമ്പരാഗത രീതിയില്‍ മുളയിലും പന ഓലയിലും തീര്‍ത്ത സ്വീകരണ വേദിയും ഒരുക്കിയിരുന്നു. വാരിയം, കുഞ്ചിപ്പാറ, തേര, തലവച്ചുപ്പാറ തുടങ്ങിയ ഊരുകളില്‍ നിന്നെത്തിയ ഊര് മൂപ്പന്മാരും പാട്ടിമാരും ഏലയ്ക്ക മാലയും പൂക്കളും നല്‍കി ചെന്നിത്തലയെ ഊരിലേക്ക് സ്വാഗതം ചെയ്തു.
വര്‍ഷങ്ങളായി ഊര് നിവാസികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ ബ്ലാവന പാലം യാഥാര്‍ഥ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ചെന്നിത്തലയോട് ആവശ്യപ്പെട്ടു. ഇപ്പോഴും വൈദ്യുതി എത്താത്ത ജില്ലയിലെ ഏക മേഖലയാണ് കുട്ടമ്പുഴയിലെ ആദിവാസി ഊരുകള്‍. ബ്ലാവനകടത്തില്‍ നിന്ന് കുഞ്ചിപ്പാറവരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും കുഞ്ചിപ്പാറയില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് വാരിയം, കുഞ്ചിപ്പാറ, തേര, തലവച്ചുപ്പാറ തുടങ്ങിയ ഊരുകളെ പ്രതിനിധീകരിച്ച് കാണിമാരും മൂപ്പന്മാരും തങ്ങളുടെ ആവശ്യങ്ങള്‍ ചെന്നിത്തലയ്ക്കു മുന്നില്‍ അവതരിപ്പിച്ചു.
ആദിവാസ മേഖലയായ കുട്ടമ്പുഴ കേന്ദ്രീകരിച്ച് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുവാന്‍ വേണ്ട ആലോചനകള്‍ നടത്തമെന്ന് സംഘത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കന്‍ അഭിപ്രായപ്പെട്ടു. ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവസരം ലഭിക്കുംവിധം അറിയിക്കുമെന്ന് പറഞ്ഞ എം.എല്‍.എമാരായ അന്‍വന്‍ സാദത്തും റോജി എം ജോണും നിയമസഭയ്ക്ക് പുറത്തും അവരുടെ പ്രശ്‌നങ്ങളില്‍ പങ്ക് ചേരുന്നതായി അറിയിച്ചു. റോഡ് വികസനത്തിന് നടപടികള്‍ വേഗത്തിലാക്കണമെന്ന് മുന്‍ എം.എല്‍.എ വി.ജെ പൗലോസ് ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്താണ് ഈ പ്രദേശത്തെ ഏതാനും ചില ഭാഗങ്ങളില്‍ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്തത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 36 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു ഇത് നടപ്പിലാക്കിയത്. ഈ വര്‍ഷവും ജില്ലാ പഞ്ചായത്തിന്റെ സഹായം ഇക്കാര്യത്തില്‍ ഉണ്ടാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ പറഞ്ഞു.
കുട്ടമ്പുഴയിലെ ആദിവാസി ഊരുകളുടെ വികസനത്തിനായി ഒരു കോടി രൂപ അനുവദിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാന ആവശ്യങ്ങളായ റോഡ്, വൈദ്യുതി, ബ്ലാവന പാലം, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവ അടിയന്തരമായി നടപ്പാക്കുന്നതിന് അതാത് വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
ജെയ്‌സണ്‍ ജോസഫ്, കെ.പി ബാബു, മാത്യു കുഴല്‍നാടന്‍, അബു മൊയ്തീന്‍, പി.എസ്.എം സാദിഖ്, എബി എബ്രഹാം, ഫ്രാന്‍സിസ് ചാലില്‍ തുടങ്ങിയ കോണ്‍. നേതാക്കളും ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ്, ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിദ്യാധരന്‍, ഊര് കാണി അല്ലി കൊച്ചലങ്കാരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."