ലിവര്‍പൂളിന് ജയം; ആഴ്സണലിന് സമനില
ലണ്ടന്‍: ഇഞ്ച്വറി ടൈമില്‍ ക്ലാവന്‍ നേടിയ ഗോളില്‍ ലിവര്‍പൂള്‍ വിജയം പിടിച്ചെടുത്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ സമനിലയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട മത്സരത്തിലാണ് അവസാന നിമിഷത്തെ ഗോളില്‍ ലിവര്‍പൂള്‍ 2-1ന് ബേണ്‍ലിയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 61ാം മിനുട്ടില്‍ സാദിയോ മാനേയുടെ ഗോളില്‍ ലിവര്‍പൂള്‍ ലീഡെടുത്തു. എന്നാല്‍ 87ാം മിനുട്ടില്‍ ബേണ്‍ലി തിരിച്ചടിച്ചതോടെ പോരാട്ടം തുല്ല്യമായി. ഒടുവില്‍ ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടിലാണ് ക്ലാവന്‍ വിജയ ഗോള്‍ വലയിലാക്കിയത്.
മറ്റൊരു മത്സരത്തില്‍ കരുത്തരായ ആഴ്സണല്‍ എവേ പോരാട്ടത്തില്‍ വെസ്റ്റ് ബ്രോംവിചുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. 83ാം മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ആഴ്സണലിനെതിരേ 89ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി വെസ്റ്റ് ബ്രോം സമനില സ്വന്തമാക്കുകയായിരുന്നു.
മറ്റ് മത്സരങ്ങളില്‍ ലെയസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ ഹഡ്ഡേഴ്സ്ഫീല്‍ഡ് ടൗണിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ന്യൂകാസില്‍ യുനൈറ്റഡ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് സ്റ്റോക് സിറ്റിയെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."