പടനിലം എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു
കുന്ദമംഗലം: പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ പടനിലം എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സാധ്യത തെളിയുന്നു. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയ പടനിലം ഗവ.എല്‍.പി സ്‌കൂളിന് കുന്ദമംഗലം പഞ്ചായത്തിന്റെയും നാട്ടുകാരുടെയും കൂട്ടായ്മയില്‍ 12 സെന്റ് സ്ഥലം സ്വന്തമായതോടെയാണ് കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.
ദേശീയപാതയോരത്ത് മൂന്ന് സെന്റ് സ്ഥലത്ത് അസൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച സ്‌കൂള്‍ ആധുനികരീതിയില്‍ വിശാലമായ സ്ഥലത്തേക്ക് മാറ്റുകയെന്ന നാട്ടുകാരുടെയും സ്‌കൂള്‍ അധികൃതരുടേയും ലക്ഷ്യമാണ് ഫലം കണ്ടത്. പൂനൂര്‍ പുഴയോരത്ത് ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകള്‍ കൈമാറിയതോടെ സ്‌കൂള്‍ മാറ്റാനുള്ള നടപടികള്‍ക്കും വേഗമേറി. കെട്ടിടം നിര്‍മിക്കാനും മറ്റു സൗകര്യങ്ങള്‍ക്കുമുള്ള മാസ്റ്റര്‍പ്ലാന്‍ ഇതിനകം സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. സ്‌കൂളിലേക്കുള്ള റോഡിന് രണ്ടര ലക്ഷം രൂപയുടെ പഞ്ചായത്ത് ഫണ്ടും ലഭ്യമായി. സ്‌കൂളിന്റെ വികസനത്തിനായി പരിശ്രമിച്ചവരെയും നാട്ടുകാരെയും കുട്ടികളെയും പങ്കെടുപ്പിച്ച് സ്‌കൂള്‍ വികസന സമിതി കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ. പി.ടി.എ റഹീം എം. എല്‍.എ സ്‌കൂളിന്റെ രൂപരേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട്, ജില്ലാ പഞ്ചായത്ത് മെംബര്‍ രജനി തടത്തില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി മുപ്രമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ യു.സി ബുഷറ, വാര്‍ഡ് മെംബര്‍ ടി.കെ ഹിതേഷ്‌കുമാര്‍, ഹെഡ്മാസ്റ്റര്‍ സി.കെ സിദ്ദീഖ്, ഒ.പി ഹസ്സന്‍കോയ, വി. അബ്ദുറഹിമാന്‍, കെ.സി അബ്ദുല്‍ സലാം, പ്രവീണ്‍ പടനിലം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."