ആരോഗ്യരംഗത്ത് വലിയ മാറ്റം വരുത്തുമെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: ആരോഗ്യ രംഗത്ത് വലിയ മാറ്റം വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സബ് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ളവയുടെ പോരായ്മകള്‍ പരിഹരിക്കും. മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ അപര്യാപ്ത ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഇതിനായി നിയമനങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക പരിഗണന നല്‍കും.
സാംക്രമിക രോഗങ്ങളെ ചെറുക്കാനാണ് ഒന്നാമത്തെ പരിഗണന. മാലിന്യ നിര്‍മാര്‍ജനം നടത്തി കൊതുകു നിവാരണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിനായി ജനങ്ങളും ശ്രദ്ധിക്കണം. പാരമ്പര്യ രോഗങ്ങളേയും ജീവിത ശൈലീ രോഗങ്ങളേയും ചെറുക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കും. മാനസികമായും ശാരീരികമായും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി ആരോഗ്യ മേഖലയും പൊതുജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.
കേരളത്തിലെ ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാഴ്ചവയ്ക്കുന്നത്. അതിനാലാണ് അധികാരമേറ്റെടുത്ത തൊട്ടടുത്ത ദിവസം തന്നെ കേരളത്തിലെ ഏറ്റവും പ്രധാന മെഡിക്കല്‍ കോളജായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് തന്നെ ആദ്യമായി സന്ദര്‍ശിക്കാന്‍ തെരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ പ്രതീക്ഷയാണ് ഈ മെഡിക്കല്‍ കോളജ്.
ഇവിടത്തെ സാധ്യതകള്‍ കണ്ടറിഞ്ഞ് ഏറ്റവും അത്യാധുനികമായ സംവിധാനങ്ങള്‍ മെഡിക്കല്‍ കോളജില്‍ സജ്ജമാക്കും. ഇതിനായി ജീവനക്കാരുള്‍പ്പെടെയുള്ള എല്ലാവരും ഒത്തൊരുമിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."