വൃത്തിഹീനമായ സാഹചര്യത്തില്‍ ഹോട്ടലുകളും കാന്റീനുകളും
തിരൂര്‍: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടലുകളിലും കാന്റീനുകളിലും ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും വൃത്തിഹീനമായ സാഹചര്യത്തില്‍.
പലയിടത്തും കുടിക്കാന്‍ നല്‍കുന്ന വെള്ളം പോലും തികച്ചും ശുദ്ധിയില്ലാത്തതാണ്. തിരൂരിലെയും പരിസരപ്രദേശങ്ങളിലെയും സ്‌കൂളുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും കൂള്‍ബാറുകളുമാണ് കൂടുതല്‍ വൃത്തിഹീനം. പരിശോധന നടത്തി നടപടിയെടുക്കേണ്ട നഗരസഭാ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും കണ്ണടക്കുന്നതാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കാവുന്ന വീഴ്ചകള്‍ക്കിടയാക്കുന്നത്.
കഴിഞ്ഞ ആഴ്ച തിരൂര്‍ പാന്‍ബസാറിലെ ഒരു പ്രമുഖ ഫാസ്റ്റ് ഫുഡ് സ്ഥാപനത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. അതിന് മുമ്പ് പല തവണ തിരൂര്‍ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.
എന്നാല്‍ ഈ സ്ഥാപനങ്ങളെല്ലാം യാതൊരു തടസങ്ങളുമില്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. നഗരസഭാ ആരോഗ്യവിഭാഗം കര്‍ശന നടപടിയെടുക്കാത്തതിനാലാണ് ഇത്തരം സംഭവം ആവര്‍ത്തിക്കാനിടയാക്കുന്നതെന്നാണ് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. പാന്‍ബസാറിലെ ഫാസ്റ്റ് ഫുഡ് സ്ഥാപനത്തില്‍ നിന്ന് ഭക്ഷ്യവിഷ ബാധയുണ്ടായി തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചു.
പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍പ്പന നടത്തിയതിന് പിടിക്കപ്പെട്ട മറ്റു സ്ഥാപനങ്ങളും സമാനമായ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തനം പുന:രാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."