ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്സണല്‍ രണ്ടാം സ്ഥാനത്തേക്ക് കയറി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ബേണ്‍ലിയെ 2-1നു പരാജയപ്പെടുത്തിയാണ് ഗണ്ണേഴ്സ് സ്ഥാനം മെച്ചപ്പെടുത്തിയത്. മറ്റു മത്സരങ്ങളില്‍ നിലവിലെ ചാംപ്യന്മാരായ ലെയ്സ്റ്റര്‍ സിറ്റിയെ സതാംപ്ടന് 3-0ത്തിനു തകര്‍ത്തു. മാഞ്ചസ്റ്റര്‍ സിറ്റി- ടോട്ടനം പോരാട്ടം 2-2നു സമനില.
അവസാന നിമിഷം വരെ ഒരു ഗോളിനു മുന്നിലായിരുന്ന ആഴ്സണലിനെതിരേ ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ബേണ്‍ലി സമനില സ്വന്തമാക്കിയിരുന്നു. എന്നാല്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി അലക്സിസ് സാഞ്ചസാണ് ആഴ്സണലിനെ വിജയിപ്പിച്ചത്.
രണ്ടു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ ടോട്ടനത്തിനെതിരേ സമനില വഴങ്ങിയത്.
47 പോയിന്റുകള്‍ നേടിയാണ് ഗണ്ണേഴ്സ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. സിറ്റി- ടോട്ടനം പോരാട്ടം സമനിലയായതോടെ ടോട്ടനം മൂന്നിലേക്കിറങ്ങി. ലിവര്‍പൂളാണ് നാലാം സ്ഥാനത്ത്.
സെവിയ്യക്കും വലന്‍സിയക്കും ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യ, വലന്‍സിയ ടീമുകള്‍ക്ക് വിജയം. സെവിയ്യ 4-3നു ഒസാസുനയേയും വലന്‍സിയ 2-0ത്തിനു വിയ്യാറലിനേയും പരാജയപ്പെടുത്തി.
ഫ്രാന്‍സില്‍ മൊണാക്കോ മുന്നേറുന്നു
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ മൊണാക്കോ മുന്നേറുന്നു. ലോറിയന്റിനെ 4-0ത്തിനു പരാജയപ്പെടുത്തി പട്ടികയില്‍ അവര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ പാരിസ് സെന്റ് ജെര്മെയ്ന് 2-0ത്തിനു നാന്റസിനെ വീഴ്ത്തി. എഡിന്‍സന്‍ കവാനിയുടെ ഇരട്ട ഗോളുകളാണ് പി.എസ്.ജിക്ക് ജയമൊരുക്കിയത്.
യുവന്റസിനും ഇന്ററിനും വിജയം
മിലാന്: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ്, ഇന്റര്‍ മിലാന്, നാപോളി ടീമുകള്‍ക്ക് വിജയം. യുവന്റസ് 2-0ത്തിനു ലാസിയോയെ തകര്‍ത്തു. ഇന്റര്‍ മിലാന് 1-0ത്തിനു പാലെര്‍മോയെ പരാജയപ്പെടുത്തി. നാപോളി 2-1നു എ.സി മിലാനെയാണ് വീഴ്ത്തിയത്.
ബംഗളൂരുവിന് ആദ്യ തോല്‍വി
കൊല്‍ക്കത്ത: ഐ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ബംഗളൂരു എഫ്.സിക്ക് സീസണിലെ ആദ്യ തോല്‍വി. നാലാം പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാള്‍ അവരെ 2-1നു വീഴ്ത്തി. തോല്‍വിയോടെ അവര്‍ നാലാം സ്ഥാനത്തേക്കിറങ്ങി.
മറ്റൊരു മത്സരത്തില്‍ ഐസ്വാള്‍ 1-0ത്തിനു മുംബൈയെ പരാജയപ്പെടുത്തി. ജയത്തോടെ അവര്‍ മൂന്നാം സ്ഥാനത്ത്. മോഹന്‍ ബഗാന് ഒന്നാമതും ഈസ്റ്റ് ബംഗാള്‍ രണ്ടാം സ്ഥാനത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."