കടം ഉള്ളപ്പോള്‍ മാത്രം കടാശ്വാസകമ്മിഷന്‍ ഇടപെട്ടാല്‍ മതിയെന്ന് ഹൈക്കോടതി
കൊച്ചി: ബാങ്കില്‍ കടം നിലനില്‍ക്കുന്ന സമയത്തു മാത്രമേ കാര്‍ഷിക കടാശ്വാസ കമ്മിഷന് ഇളവ് അനുവദിക്കാനാകൂയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഏറനാട് പ്രൈമറി കോ ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് കെ ഹരിലാലിന്റെ ഉത്തരവ്.
2016-ലെ കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ നിയമപ്രകാരം കര്‍ഷകര്‍ക്ക് നിലവിലുള്ള കടത്തില്‍ ഇളവ് അനുവദിക്കുന്നത് മാത്രമേ കമ്മിഷന് അധികാരമുള്ളൂ എന്നും കോടതി പറഞ്ഞു. ബാങ്ക് നടപടികളിലൂടെ തീര്‍പ്പാക്കിയ കേസില്‍ കമ്മിഷന് ഇടപെടാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഏറനാട് പ്രൈമറി കോ ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഇടപാടുകാര്‍ വീഴ്ച വരുത്തിയിരുന്നു. തുടര്‍ന്നു നിയമപരമായ നടപടി ക്രമങ്ങളിലൂടെ ആധാരം ലേലം ചെയ്യുന്നതിനു ബാങ്ക് നടപടിയെടുക്കുകയും ലേലം നടത്തി തുക ഈടാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇടപാടുകാര്‍ കാര്‍ഷിക കടാശ്വാസ കമ്മിഷനെ സമീപിക്കുകയും ലേലം നടന്നുവെന്ന വസ്തുത അറിയിക്കാതെ പരാതി സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ കര്‍ഷകര്‍ക്ക് തുക ഇളവ് ചെയ്ത് ഉത്തരവ് നല്‍കി.
ഇതിനെതിരേ ബാങ്ക് കാര്‍ഷിക കടാശ്വാസ കമ്മിഷനെ സമീപിച്ചെങ്കിലും പരിഗണിച്ചില്ല. ഈ അവസരത്തിലാണ് കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഏറനാട് പ്രൈമറി കോ ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ബാങ്ക് കോടതിയിലെത്തിയത്. ഹരജി അനുവദിച്ച ഹൈക്കോടതി കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."