കേന്ദ്ര സര്‍വകലാശാലകളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം: ഡോ. തലത് അഹമ്മദ്
ഫറോക്ക്: കേന്ദ്ര സര്‍വകലാശാലകളിലെ ഉന്നത വിദ്യാഭ്യാസ സാധ്യകളെ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തണമെന്നു ഭൗമശാസ്ത്രജ്ഞനും ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്്ലാമിയ വൈസ് ചാന്‍സലറുമായ ഡോ. തലത് അഹമ്മദ്.
ഫാറൂഖ് കോളജ് കാംപസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപരിസഭയായ റൗസത്തുല്‍ ഉലൂം അസോസിയേഷന്റെയും അറബിക് കോളജിന്റെയും 75-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക ഭദ്രതയ്ക്കും വൈജ്ഞാനിക മുന്നേറ്റത്തിനും നിദാനമായ വിദ്യാഭ്യാസത്തിനു റൗസത്തുല്‍ ഉലൂം സ്തുത്യര്‍ഹമായ സംഭാവനകളാണു നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ധിഷണശാലിയായ അബുസ്സബാഹ് അഹ്മദലിയുടെ ദീര്‍ഘവീക്ഷണമാണ് മലബാറില്‍ വിദ്യാഭ്യാസ നവോഥാനത്തിനു വിത്തുപാകിയത്.
അക്കാലത്തു ദേശീയ സര്‍വകലാശാലകള്‍ നിര്‍വഹിച്ചിരുന്ന വിദ്യാഭ്യാസ ദൗത്യമാണ് കേരളത്തില്‍ അദ്ദേഹം നടപ്പാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്ര ഗവേഷണങ്ങളില്‍ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്ന ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മാനേജ്മെന്റ് ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.കെ അഹമ്ദ്, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇമ്പിച്ചിക്കോയ, പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി, ഡോ. ഹുസൈന് മടവൂര്‍, പ്രൊഫ. കുട്ട്യാലിക്കുട്ടി, ആര്.യു.എ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുസ്തഫ ഫാറൂഖി, രാമനാട്ടുകര നഗരസഭ ചെയര്മാന് വാഴയില്‍ ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."