പൈപ്പ് പൊട്ടി ജലം പാഴാകുന്നു; തിരിഞ്ഞു നോക്കാതെ അധികൃതര്‍
കണിയാമ്പറ്റ: പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു.
വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ശുദ്ധജലം എത്തിക്കാനുള്ള പൈപ്പ് ലൈനുകളാണ് പൊട്ടി കിടക്കുന്നത്. കോളിപ്പറ്റ, വരദൂര്‍ മൃഗാശുപത്രി, പച്ചിലക്കാട് തുടങ്ങി പ്രദേശങ്ങളിലാണ് വ്യാപകമായി പൈപ്പുലൈനുകള്‍ പൊട്ടിയും ലീക്ക് മൂലവും ആവശ്യക്കാര്‍ക്ക് വെള്ളം ലഭിക്കാതെ വരുന്നത്. . ഒരു മാസം മുന്‍പ് മൃഗാശുപത്രി കവലയിലെ കുറുമ്പപ്പാടി ജങ്ഷനില്‍ ജെ.സി.ബി മണ്ണെടുക്കുമ്പോള്‍ പൈപ്പിന് ലീക്ക് സംഭവിച്ച് വെള്ളം റോഡിലേക്ക് ഒഴുകിയിരുന്നു.
തുടര്‍ന്ന് നന്നാക്കിയെങ്കിലും രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ വീണ്ടും പഴയ സ്ഥിതിയിലാവുകയായിരുന്നു. പച്ചിലക്കാട് പടിക്കംവയല്‍ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഏക ആശ്രയമാണ് പനമരം വലിയ പുഴയിലെ വെള്ളം കമ്പളക്കാട് നിന്ന് ശുദ്ധീകരിച്ച് എത്തുന്നത്.
എന്നാല്‍ ഇവിടെ പൈപ്പ് ലീക്ക് വന്ന് വെള്ളം പാഴാകുന്നതിനാല്‍ മിക്ക ദിവസങ്ങളിലും വെള്ളം ലഭിക്കാതെ ഏറെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികള്‍. മാസങ്ങളോളമായി ഇവിടുത്തെ പൈപ്പിന് ലീക്ക് സംഭവിച്ചിട്ട്. എന്നാല്‍ മാനന്തവാടി കല്‍പ്പറ്റ സംസ്ഥാന പാതക്ക് അരികിലായാണ് ഈ ജലനഷ്ടമെങ്കിലും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കടുത്ത വരള്‍ച്ചക്ക് സാധ്യതയുണ്ടായിരിക്കെയാണ് ഇത്തരത്തില്‍ കുടിവെള്ളം പാഴാകുന്നത്. കഴിഞ്ഞ വേനലില്‍ ഇവിടെ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ ഈ വേനലിലും കടുത്ത ജലക്ഷാമത്തിന് കാരണമാകുമോ എന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."