കൈയെത്തും ദൂരത്തെല്ലാം പുസ്തകങ്ങള്‍ ഇത് ചന്തേരയിലെ 'തുറന്ന ലൈബ്രറികള്‍'
ചെറുവത്തൂര്‍: എവിടെ നോക്കിയാലും പുസ്തകങ്ങള്‍. കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എടുക്കാം വായിക്കാം. സ്‌കൂള്‍ ചുമരുകളില്‍ കൈയെത്തും ദൂരത്തും കണ്ണെത്തും ദൂരത്തുമെല്ലാം നിറയെ പുസ്തകങ്ങളുണ്ട്. ക്ലാസ് ലൈബ്രറികള്‍ക്കപ്പുറം സ്‌കൂളിന്റെ പുറം ചുമരുകള്‍ തന്നെ ലൈബ്രറികളാക്കി മാറ്റി കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുകയാണ് ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂള്‍.
വാരാന്തയോടു ചേര്‍ന്ന ചുമരുകളിലും പടികയറി എത്തുന്ന ഇടങ്ങളിലുമെല്ലാം കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എടുത്തു വായിക്കാന്‍ പറ്റുന്ന തരത്തില്‍ പുസ്തകങ്ങള്‍ ഒരുക്കിവച്ചിട്ടുണ്ട്. വിദ്യാലയത്തിലെ എല്ലാ ക്ലാസുകളിലും ലൈബ്രറികള്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഓരോ ക്ലാസിലും ലൈബ്രറിയില്‍ പഠനത്തിനു സഹായിക്കുന്ന തരത്തിലുള്ള പുസ്തകങ്ങളുണ്ട്.
എന്നാല്‍ ബാലമാസികകള്‍, കൊച്ചുകൊച്ചു കഥകള്‍, കുട്ടിക്കവിതകള്‍ എന്നിവയാണ് തുറന്നലൈബ്രറികളില്‍ ഉള്ളത്. വര്‍ത്തമാന പത്രങ്ങളും പുസ്തകങ്ങളും കുട്ടികള്‍ക്ക് വായനയ്ക്കു ലഭ്യമാക്കുന്നതിനായി അഞ്ചുവര്‍ഷം മുന്‍പ് ഒരു തുറന്ന ലൈബ്രറി ഒരുക്കിയിരുന്നു.
അലമാരയില്‍ നിന്നു പുസ്തകങ്ങള്‍ കണ്‍മുന്നില്‍ എത്തിയപ്പോള്‍ കുട്ടികളുടെ വായിക്കാനുള്ള താല്‍പര്യം വര്‍ധിക്കുന്നുവെന്ന വിലയിരുത്തലില്‍ നിന്നാണ് രണ്ടു കെട്ടിടങ്ങളിലും പരമാവധി ഇടങ്ങളില്‍ തുറന്നലൈബ്രറികള്‍ ഒരുക്കിയത്.
പുസ്തക സമാഹരണത്തിനും ലൈബ്രറികള്‍ ഒരുക്കുന്നതിലും പൊതുസമൂഹത്തില്‍ നിന്നു പരമാവധി പിന്തുണ ലഭിച്ചു.
സ്വാതന്ത്ര്യ സമരസേനാനിയും മുന്‍ അധ്യാപകനുമായ സി.എച്ച് കേശവന്‍ മാസ്റ്ററുടെ സ്മരണയ്ക്ക് മക്കള്‍ നല്‍കിയ ലൈബ്രറി പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ തുറന്നലൈബ്രറികള്‍ വിദ്യാലയത്തിന് സമര്‍പ്പിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക സി.എം മീനാകുമാരി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."