പുലിയന്നൂര്‍ കൊലപാതകം: സൈബര്‍ തെളിവുകളുമായി അന്വേഷണ സംഘം മുന്നോട്ട്
ചെറുവത്തൂര്‍: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയുടെ കൊലപാതകുമായി ബന്ധപ്പെട്ട് സൈബര്‍ തെളിവുകളുമായി അന്വേഷണ സംഘം മുന്നോട്ട്. ചാനടുക്കം, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ ടവറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. സംഭവം നടന്ന ഡിസംബര്‍ 13നു ചാനടുക്കത്ത് കണ്ട നമ്പര്‍ നവംബറില്‍ പറശ്ശിനിക്കടവ് ടവര്‍ പരിധിയില്‍ ഉണ്ടായോ എന്നാണു പരിശോധിക്കുന്നത്. കൊലപാതകികള്‍ ധരിച്ചിരുന്ന മുഖംമൂടി വാങ്ങിയത് പറശ്ശിനിക്കടവിലെ കടയില്‍ നിന്നാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം മംഗളൂരു സ്വദേശിയുടെ ഫോണ്‍ നമ്പര്‍ സംഭവം നടന്ന സമയം ചാനടുക്കം ടവര്‍ പരിധിയില്‍ കണ്ടെത്തിയിരുന്നു.
പിന്നീട് ഇതേ നമ്പര്‍ കാലിച്ചാമരം, കുഡ്ലു, മഞ്ചേശ്വരം, മംഗുളുരു ടവര്‍ പരിധിയിലും കണ്ടെത്തി. ഇയാളെ ബന്ധപ്പെട്ടപ്പോള്‍ താന്‍ അവിടെ വന്നിട്ടില്ലെന്ന മറുപടിയും ലഭിച്ചു. അന്വേഷണത്തില്‍ ഈ നമ്പര്‍ ഒരു മത്സ്യത്തൊഴിലാളിയുടെതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തീരദേശങ്ങളിലെ മൊബൈല്‍ ടവറുകള്‍ കടലില്‍ 40 നോട്ടിക്കല്‍ മൈല്‍ ദൂരം വരെയുള്ള മൊബൈല്‍ സിഗ്നലുകള്‍ പിടിച്ചെടുക്കുന്നുണ്ട്. ആ സമയം ഇയാള്‍ കടലില്‍ ബോട്ടിലൂടെ സഞ്ചരിച്ചതാണോ എന്നും സംശയമുണ്ട്.
അതേസമയം പറശ്ശിനിക്കടവിലെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ രണ്ടു ദിവസത്തെ ദൃശ്യങ്ങള്‍ കൂടി ബംഗളൂരില്‍ നിന്നു വീണ്ടെടുത്തു. ഇനി അഞ്ചു ദിവസത്തെ ദൃശ്യങ്ങള്‍ കൂടി കിട്ടാനുണ്ട്. നേരത്തെ ചെന്നൈയില്‍ ഐ.ടി വിദഗ്ധരുടെ സഹായം തേടിയിരുന്നുവെങ്കിലും ഒരാഴ്ചത്തെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനിടയില്‍ ജാനകിടീച്ചറുടെ അടുത്തബന്ധുവിനെ ഇന്നലെ വീണ്ടും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. പ്രാദേശികമായി ഒരാളുടെ സഹായത്തോടെ മൂന്നംഗ സംഘം നടത്തിയ കവര്‍ച്ചയും കൊള്ളയുമാണ് ഇതെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കയ്യൂര്‍-ചീമേനി പഞ്ചായത്ത് കമ്മിറ്റി ഇന്നു വൈകീട്ട് നാലിന് ചീമേനിയില്‍ പ്രതിഷേധയോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."