വിലക്കയറ്റം രൂക്ഷം; നത്തോലി ഇനി ചെറിയ മീനല്ല!
അങ്ങാടിപ്പുറം: വിലക്കയറ്റത്തില്‍ നട്ടം തിരിഞ്ഞു മലയാളി. രൂക്ഷമായ വിലവര്‍ധനവു കാരണം സാധനങ്ങളുടെ വില്പന കുറഞ്ഞതോടെ വ്യാപാരികളും പ്രതിസന്ധിയിലായി. പച്ചക്കറിക്കും പലചരക്കിനും പിന്നാലെ മീന്‍, ഇറച്ചി എന്നിവയ്ക്കും വിലയേറി. കടല്‍ പ്രക്ഷുബ്ധമായതോടെയാണു മീന്‍ വില വര്‍ധിച്ചത്. ബ്രോയിലര്‍ ചിക്കന്‍ കിലോയ്ക്കു 180 രൂപയായി. നാടന്‍ കോഴിയിറച്ചിക്ക് 250 രൂപ നല്‍കണം. ആട്ടിറച്ചിക്ക് 450 രൂപ. മാട്ടിറച്ചിക്ക് 220 രൂപയായി വില.
ചെറുമീനുകള്‍ കിട്ടാനേയിനില്ലാത്ത സ്ഥിതിയാണ്. നത്തോലിയുടെ വില പോലും 270 രൂപയായി. അയലയ്ക്ക് 200 രൂപയും മത്തിക്ക് 120 മുതല്‍ 150 രൂപ വരെയായി. സാധാരണഗതിയില്‍ ട്രോളിങ്ങ് നിരോധനകാലത്താണു സംസ്ഥാനത്തു മീന്‍ ക്ഷാമം രൂക്ഷമാകുന്നതും വില ഉയരുന്നതും. എന്നാല്‍ ട്രോളിങിന് ദിവസങ്ങള്‍ ശേഷിക്കേ കടല്‍ക്ഷോഭവും ഡീസല്‍ വിലവര്‍ധനവും കാരണം മത്സ്യബന്ധനം നടക്കുന്നില്ല. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മീന്‍പിടിത്തവും മല്‍സ്യലഭ്യതയില്‍ കാര്യമായ കുറവു വരുത്തിയിട്ടുണ്ട്.
ട്രോളിങ്ങ് നിരോധനകാലത്തു പോലും കടലിന്റെ അടിത്തട്ടില്‍ നിന്നു കോരുവല ഉപയോഗിച്ചു മീന്‍പിടിത്തം വ്യാപകമായിരുന്നു. വലിയ ബോട്ടുകളില്‍ ആഴക്കടല്‍ മത്സ്യബന്ധനവും വന്‍തോതില്‍ നടക്കുന്നതോടെ ചെറുമീനുകളെ കടലിലേക്കു തിരികെക്കളഞ്ഞിരുന്ന പതിവു മാറി. ഇപ്പോള്‍ അവയെ വന്‍തോതില്‍ പിടിക്കുകയാണ്. വളത്തിനും കോഴിത്തീറ്റക്കുമായി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെയാണു മുന്‍പെങ്ങും ഉണ്ടാകാത്ത തരത്തില്‍ മീനിനു ക്ഷാമം തുടങ്ങിയത്. ഒരു കിലോ സാധാരണ കൊഞ്ചിന് 450 രൂപയും കരിമീനിനു 350, ചൂതാന്‍ 250 രൂപയുമാണ് വിപണി വില.
കാലവര്‍ഷം എത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ക്ഷാമം വീണ്ടും രൂക്ഷമാകുമെന്നാണു വ്യാപാരികള്‍ പറയുന്നത്. അതേസമയം സംസ്ഥാനത്തു കൊണ്ടുവരുന്ന മീനുകളില്‍ അധികവും പുറത്തുനിന്നുള്ളവയാണ്. കരിമീന്‍ അടക്കം സംസ്ഥാനത്തിനു പുറത്തുനിന്നു കൊണ്ടുവരുന്ന മീന്‍ കഴിക്കുന്നവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്നും പരാതിയുണ്ട്.
ഗുജറാത്ത്, ബംഗാള്‍, ആന്ധ്ര തുടങ്ങിയിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലായും മീന്‍ എത്തുന്നത്. പിടിച്ച് ഏറെ ദിവസങ്ങള്‍ക്കു ശേഷം ഇവിടത്തെ വിപണിയിലെത്തുന്നതു വരെ അമോണിയവും ഫോര്‍മാലിനും പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചാണു മീന്‍ സൂക്ഷിക്കുന്നത്.
മല്‍സ്യവും മാംസവും ഉപേക്ഷിച്ചു പച്ചക്കറി ആശ്രയിക്കാമെന്നു വിചാരിച്ചാലും രക്ഷയില്ല. ഒരു മാസം മുമ്പു വെറും 50 രൂപ മാത്രമുണ്ടായിരുന്ന പച്ചമുളകിനു 110 രൂപയാണ് ഇന്നലെ വില. 14 രൂപയുടെ തക്കാളി 58 രൂപയിലും 100 രൂപ വിലയുണ്ടായിരുന്ന വെളുത്തുള്ളി 160 രൂപയിലും എത്തി. 20 രൂപയുടെ ക്യാബേജിന് 30 ആയി. 26 രൂപ വിലയുണ്ടായിരുന്ന പാവയ്ക്ക 40 രൂപയിലും 30 രൂപ വിലയുണ്ടായിരുന്ന വെണ്ടക്ക 60, ബീന്‍സ് 40 രൂപയില്‍ നിന്നും 120 രൂപയിലെത്തി, നാരങ്ങ 60 രൂപയില്‍ നിന്നും 100 രൂപയിലുമെത്തി.
അതേസമയം പഴവര്‍ഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ആപ്പിളിന് 180 രൂപയും ഓറഞ്ചിന് 100 രൂപയും മുന്തിരിങ്ങക്ക് 80 രൂപയുമാണു വില. വാഴപ്പഴത്തിന് 27 രൂപയുംഏത്തക്കയ്ക്ക് 52 രൂപയുമാണു വിപണിവില. രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പൊതുവിപണി കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമം പുതിയ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."