അതിരൂപതയിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലിസില്‍ പരാതി
കൊച്ചി: വിവാദമായ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭുമി ഇടപാട് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലിസില്‍ പരാതി.
ഭൂമി ഇടപാടിലെ വിശ്വസ വഞ്ചനയും അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് അസോസിയേഷന് ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് പോളച്ചന് പുതുപ്പാറയാണ് എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭക്കുള്ളില്‍ പരാതികളും അന്വേഷണങ്ങളും നടക്കുന്നുണ്ടെങ്കിലും പൊലിസില്‍ പരാതി നല്‍കുന്നത് ആദ്യമാണ്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പൊക്യുറേറ്റര്‍ ഫാദര്‍ ജോഷി പുതുവ, വികാരി ജനറല്‍ മോണ്‍. സെബാസ്റ്റിയന് വടക്കുംപാടന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി.
ഇതിനിടെ സഭയുടെ ഭൂമിയിടപാട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈദിക സമ്മേളനം ചേരും. ബിഷപ്പ് ഹൗസില്‍ ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തില്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുത്തേക്കും. സഭയിലെ തിരഞ്ഞെടുക്കപ്പെട്ട വൈദികരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
എറണാകുളം നഗരത്തില്‍ കണ്ണായ സ്ഥലങ്ങളിലുള്ള കോടികള്‍ വില മതിക്കുന്ന ഭൂമി നിസാര വിലയ്ക്ക് വിറ്റതാണ് വിവാദമായത്. കാക്കനാട്ട് സീപോര്‍ട്ട്- എയര്‍ പോര്‍ട്ട് റോഡരികില്‍ 69 സെന്റ്, തൃക്കാക്കര ഭാരത് മാതാ കോളജിന് സമീപം 60 സെന്റ്, തൃക്കാക്കര കൊല്ലംകുടി മുകളില്‍ ഒരേക്കര്‍, മരടില്‍ 54 സെന്റ് എന്നിങ്ങനെയാണ് ഭൂമി കച്ചവടം നടന്നത്.
27 കോടി രൂപ മതിപ്പുവിലയുള്ള സ്ഥലങ്ങളാണ് ഒന്‍പത് കോടിയ്ക്ക് വിറ്റത്. എന്നാല്‍ ബാക്കി തുകയ്ക്ക് കോതമംഗലത്ത് 25 ഏക്കറും മൂന്നാറിന് സമീപം 17 ഏക്കറും ഈടായി വാങ്ങിയെന്നാണ് നല്കുന്ന വിശദീകരണം.
കാക്കനാട്ടെ സ്ഥാപനമാണ് സ്ഥലങ്ങള്‍ വാങ്ങിയത്. സാജു വര്‍ഗീസ് കുന്നേല്‍ എന്നയാളെ ഇടനിലക്കാരനാക്കി 36 പേര്‍ക്കാണ് ഭൂമി കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."