എയ്ഡ് പോസ്റ്റ് പൊലിസുകാരുടെ വസ്ത്രം മാറാനുള്ള മുറിയായി മാറി
അന്തിക്കാട്: ജനകീയ കൂട്ടായ്മയിലൂടെ ലക്ഷങ്ങള്‍ ചിലവഴിച്ച് പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററിന് സമീപം നിര്‍മിച്ച അന്തിക്കാട് പൊലിസിന്റെ എയ്ഡ് പോസ്റ്റ് കൊടുങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂം പൊലിസുകാരുടെ ചെയിഞ്ചിംഗ് മുറിയായി മാറി. പെരിങ്ങോട്ടുകരയിലെ കൊലപാതകവും സമീപ പ്രദേശങ്ങളിലെ നിരന്തരമുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങളും മൂലം ജനങ്ങള്‍ ഉയര്‍ത്തിയ വലിയ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നാട്ടുകാരായ ചില അഭ്യുദയകാംക്ഷികളുടെ സാമ്പത്തിക സഹായത്തോടെയാണ് ഒരു വര്‍ഷം മുമ്പ് പുതിയ കെട്ടിടത്തില്‍ എയ്ഡ് പോസ്റ്റ് യാഥാര്‍ഥ്യമായത്. അന്നേ ആവശ്യമായ സ്ട്രങ്ത്തില്ലാതിരുന്ന അന്തിക്കാട് സ്റ്റേഷനില്‍ നിന്ന് ഒരു ജി.ഡി ചാര്‍ജിനെയും രണ്ട് പൊലിസുകാരെ അവിടെ നിന്നും പൊക്കി എയ്ഡ് പോസ്റ്റില്‍ കുടിയിരുത്തുകയായിരുന്നു.
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജി.ഡി ചാര്‍ജില്ലാതെയായി. ഒരു മാസം കൂടി കഴിഞ്ഞതോടെ പൊലിസുകാരും പല വഴിയിലോട്ട് മടങ്ങി.പിന്നീട് എ ആര്‍ ക്യാമ്പില്‍ നിന്നുള്ള രണ്ട് പൊലിസുകാര്‍ ഭരിച്ചു. കാല ക്രമേണ അതും നിലച്ചു. നിലവില്‍ എയ്ഡ് പോസ്റ്റ് അടഞ്ഞ് കിടക്കുകയാണ്. ദിവസവും മൂന്ന് നേരം മാത്രംഎയ്ഡ് പോസ്റ്റിന്റെ വാതില്‍ തുറക്കും രാവിലെ 8 'ഉച്ചക്ക് ഒന്നര.'രാത്രി 8. കൊടുങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂം പൊലിസുകാര്‍ ജീപ്പുമായ് മൂന്ന് നേരവും ഇവിടെയെത്തിയാണ് ചെയിഞ്ചിംഗ് . രാവിലെയും രാത്രിയും വസ്ത്രം മാറി കുളിച്ച് ഫ്രഷാകാനും, ഉച്ചക്ക് കയ്യില്‍ കരുതുന്ന ഊണ് കഴിക്കാനും, ഇങ്ങിനെ മൂന്ന് നേരം കൂടി അര മണിക്കൂര്‍ വീതം ദിവസത്തില്‍ ഒന്നര മണിക്കൂര്‍ പൊലിസിന്റെ സാങ്കേതിക സാനിധ്യം മാത്രമാണ് ഇവിടെയുള്ളത്. ഇവിടെ ഒരു സ്ഥിരം പൊലിസ് സ്‌റ്റേഷന്‍ വേണമെന്ന മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അന്തിക്കാട് പൊലിസ് സ്‌റ്റേഷന്‍ ജില്ലയിലെ ഏരിയാ വിസ്തൃതി കൂടുതലുള്ള രണ്ട് സ്റ്റേഷനുകളില്‍ ഒന്നാണ്.
പതിനാറര വില്ലേജ്, അഞ്ച് പഞ്ചായത്തുകള്‍ എന്നിങ്ങിനെ ഓടിയെത്താന്‍ കഴിയാത്ത വിധം ഏരിയാ പരന്ന് കിടക്കുകയാണ്.എന്നിട്ട് പോലും ഇവിടെത്തെ സ്റ്റേഷന്‍ സ്ട്രങ്ത്ത് ഒരു കാലത്തും പൂര്‍ണമായിട്ടില്ലെന്നതാണ് വിരോധാഭാസം. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ വരുന്ന എസ്.ഐമാരെല്ലാം മാറി പോകാന്‍ ധൃതി കാട്ടുന്നതായി അറിയുന്നു. പെരിങ്ങോട്ടുകര എയ്ഡ് പോസ്റ്റ് മാറ്റി അവിടെ ഒരു പൊലിസ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നതിനായി ഗീതഗോപി എം.എല്‍.എയുടെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. മന്ത്രി വി.എസ് സുനില്‍കുമാര്‍, മുരളി പെരുനെല്ലി എം.എല്‍.എ എന്നിവരെ കൂടി കൂട്ടിയോജിപ്പിച്ച് തന്ത്രപരമായ ഒരു നീക്കം നടത്തണമെന്ന ആവശ്യവും ശകതമായി ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."