ലൗജിഹാദ് ഇല്ലെന്ന അന്വേഷണ റിപ്പോര്‍ട്ട്: സംഘ്പരിവാര്‍ കുപ്രചാരണം പൊളിഞ്ഞു
കോഴിക്കോട്: കേരളത്തില്‍ പെണ്‍കുട്ടികളെ സംഘടിതമായി മതംമാറ്റുന്നതിന് (ലൗജിഹാദ്) തെളിവില്ലെന്ന് കേന്ദ്ര,സംസ്ഥാന രഹസ്യാന്വേഷണ വകുപ്പുകള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ കണ്ടത്തിയതോടെ പൊളിഞ്ഞത് സംഘ്പരിവാര്‍ കുപ്രചാരണം. പ്രണയവിവാഹങ്ങള്‍ വഴി നിരവധി പേര്‍ മതം മാറുന്നുണ്ടെങ്കിലും ഇതിലൊന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഹാദിയ കേസില്‍ ഉള്‍പ്പെടെ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ലൗജിഹാദ് ആരോപിച്ചിരുന്നു. 2016ല്‍ കേരളത്തില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേരില്‍ അഞ്ചു പേര്‍ മതംമാറിയവരായിരുന്നു. ഇവര്‍ക്ക് ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മതംമാറ്റത്തിനു പിന്നിലുള്ള കാരണങ്ങള്‍ തേടി ഐ.ബി കേരളത്തിലെത്തിയത്.
സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ സഹായത്തോടെ നടത്തിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാറിന്റെ വാദങ്ങളും തള്ളുന്നതാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട്. ലൗ ജിഹാദിനെ കുറിച്ച് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രണ്ടു കേസുകള്‍ അന്വേഷിച്ചിരുന്നുവെന്നായിരുന്നു സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍, ഇത്തരമൊരു കേസ് കണ്ടെത്താന്‍ പുതിയ അന്വേഷണത്തില്‍ കഴിഞ്ഞില്ല.
2009 ഓഗസ്റ്റ് മുതല്‍ കേരളത്തില്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച കെട്ടുകഥയായിരുന്നു ലൗജിഹാദെന്നാണ് വീണ്ടും വെളിപ്പെടുന്നത്. തെക്കന്‍ കേരളത്തിലെ രണ്ടു യുവതികള്‍ ഇതരസമുദായക്കാരെ വിവാഹം ചെയ്തതാണ് ലൗജിഹാദ് ആരോപണത്തിന് തിരികൊളുത്തിയത്. പ്രണയത്തിന്റെ പേരില്‍ മതംമാറ്റി തീവ്രവാദികളാക്കുന്നു എന്നായിരുന്നു പ്രചാരണം. തുടര്‍ന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി പൊലിസിനു നിര്‍ദേശം നല്‍കി. യു.പി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രഹിന്ദുത്വ വെബ്‌സൈറ്റാണ് ഇതിന്റെ പിന്നിലെന്ന് പൊലിസ് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെ കെട്ടടങ്ങിയ ലൗ ജിഹാദ് വിവാദം പിന്നീട് വീണ്ടും തലപൊക്കുകയായിരുന്നു. സെന്‍കുമാറിന്റെ പ്രസ്താവനയോടെ ഇതിനു ചൂടുപിടിച്ചു.
ഹാദിയ സംഭവത്തിലും സംഘ്പരിവാരും മറ്റും ലൗജിഹാദ് ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിനേറ്റ തിരിച്ചടിയാണ് കഴിഞ്ഞ ദിവസത്തെ പൊലിസ് റിപ്പോര്‍ട്ട്. 2011 മുതല്‍ 2016 വരെ കേരളത്തില്‍ 7299 പേര്‍ ഇസ്‌ലാംമതം സ്വീകരിച്ചതായാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. വര്‍ഷം ശരാശരി 1216 പേരാണ് മതംമാറിയത്. മലബാറില്‍ മതംമാറിയ 568 പേരുടെ വിവരങ്ങളും പഠനവിധേയമാക്കിയെങ്കിലും ലൗജിഹാദ് കണ്ടെത്താനായില്ല. മതംമാറ്റത്തിനുള്ള കാരണങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."