അനധികൃത പാര്‍ക്കിംഗ്; മഞ്ചേരിയില്‍ നടപ്പാതകള്‍ അപ്രത്യക്ഷമാകുന്നു
മഞ്ചേരി: നഗരത്തില്‍ നടപ്പാതകള്‍ കൈയേറിയുള്ള പാര്‍ക്കിംഗും തെരുവുകച്ചവടവും കാല്‍നട യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും മെഡിക്കല്‍ കോളജിലേക്കുപോകുന്ന നടപ്പാതകള്‍ക്കരികിലാണു വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കുചെയ്യുന്നത്. ഇരുചക്രവാഹനങ്ങളാണ് അധികവും. ഇതിനു പുറമെ വെയിലടിക്കാതിരിക്കാന്‍ കച്ചവടക്കാര്‍ ടാര്‍പായ നടപ്പാതക്കു കുറുകെ കയറുകൊണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട് . ഇതു വലിയ അപകടങ്ങള്‍ക്കാണ് വഴിവെക്കുന്നത്.
ടാര്‍പായ കെട്ടിയ കയറില്‍ തട്ടി സ്ത്രീകളടക്കം ഒട്ടേറെ പേരാണു വീണ് അപകടത്തിനിരയാകുന്നത്. അനധികൃത പാര്‍ക്കിംഗും കച്ചവടക്കാരുടെ കൈയേറ്റവുംകാരണം പഴയ സ്റ്റാന്‍ഡിനു പുറത്തുള്ള നടപ്പാതകള്‍ അപ്രത്യക്ഷമാണിപ്പോള്‍. നടപടിയെടുക്കേണ്ട റവന്യൂ, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കുകുത്തിയാകുന്നതാണു കൈയേറ്റങ്ങള്‍ക്കു കാരണമാകുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
നഗരത്തിലെ ട്രാഫിക്കും തോന്നിയപോലെയാണ്. സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡുകളില്‍ കയറുന്നതും യാത്രക്കാരെ കയറ്റിയിറക്കുന്നതും എല്ലാ നിയമങ്ങളും ലംഘിച്ചാണ്.മഞ്ചേരിയില്‍ മൂന്ന് ബസ് സ്റ്റാന്‍ഡുകളുണ്ടെങ്കിലും സ്വകാര്യ ബസുകളെല്ലാം പാണ്ടിക്കാട് റോഡിലെ സീതിഹാജി ബസ് ടെര്‍മിനലില്‍ നിന്നാണു സര്‍വീസ് നടത്തുന്നത്. പുറപ്പെടുന്നതിനു പത്തു മിനുട്ടുമുമ്പു മാത്രം സ്റ്റാന്‍ഡില്‍ പ്രവേശിച്ചാല്‍ മതിയെന്ന പൊലിസ് നിര്‍ദ്ദേശം പലപ്പോഴും ബസ് ജീവനക്കാര്‍ ലംഘിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."