അന്ധരുടെ അക്ഷര വിളക്ക്
ജനുവരി 4 ലോക ബ്രെയ്‌ലി ദിനം
ലൂയിസ് ബ്രെയ്‌ലി പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ലിപിയാണ് ഇന്ന് ലോകമെമ്പാടുമുള്ള അന്ധര്‍ വായനക്കും എഴുത്തിനും ഉപയോഗിക്കുന്നത്. ലൂയിസ് ബ്രയ്‌ലിയുടെ ജന്മ ദിനമായ ജനുവരി നാലിനാണ് ലോക ബ്രെയ്‌ലി ദിനം ആചരിക്കുന്നത്. ലൂയിയുടെ ഓര്‍മ പുതുക്കിയാണ് ലോകം ബ്രയ്‌ലി ദിനം ആചരിക്കുന്നത്.
ബ്രയ്‌ലി
കാഴ്ചയില്ലാത്തവര്‍ക്ക് ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട കൈയെഴുത്ത് പ്രിന്റിംഗ് രീതിയാണ് ബ്രെയ്‌ലി.1824 ലാണ് ലൂയിസ് ബ്രെയിലി ഈ രചനാ രീതി വികസിപ്പിച്ചെടുത്തത്. കടലാസില്‍ മുഴച്ച് നില്‍ക്കുന്ന അക്ഷരങ്ങളില്‍ മെല്ലെ കൈയോടിച്ചാണ് ബ്രയില്‍ ലിപിയില്‍ എഴുതിയത് വായിച്ചെടുക്കുന്നത്. മൂന്ന് വരികളിലായി രണ്ട് കോളങ്ങളില്‍ ആറ് കുത്തുകളാല്‍ പ്രതിനിധീകരിക്കുന്ന അക്ഷര രീതികളാണ് ഈ ലിപിയുടെ ആധാരശില.
ചിഹ്നം,അക്കങ്ങള്‍, അക്ഷരങ്ങള്‍ എന്നിങ്ങനെ സാധാരണ പദങ്ങള്‍ക്കായുള്ള അറുപത്തിമൂന്ന് സംയോഗങ്ങള്‍ ഈ ചട്ടക്കൂടിനുള്ളില്‍ എഴുതുവാനാകും. 1932 വരെ ലൂയിസ് ബ്രയിലിയുടെ ഈ രീതി ലോകം അംഗീകരിച്ചിരുന്നില്ല. എന്നാല്‍ 1932 കള്‍ക്ക് ശേഷം ഇത് അംഗീകരിക്കുകയും ആഗോളതലത്തില്‍ കാഴ്ചയില്ലാത്തവര്‍ക്ക് എഴുത്തിനും വായനക്കുമുള്ള മാര്‍ഗമായി ഈ ലിപി പരിണമിക്കുകയും ചെയ്തു.
ദ്വാരങ്ങളുള്ള ലോഹത്തകിടിനിടക്ക് കൂടെ വലത്തുനിന്ന് ഇടത്തേക്ക് ഒരു എഴുത്ത് സൂചിയുപയോഗിച്ച് കടലാസില്‍ കുത്തുകളിട്ടാണ് ബ്രെയില്‍ ലിപി എഴുതുന്നത്.
കടലാസ് മുറിക്കുമ്പോള്‍ പിന്‍വശത്ത് മുഴച്ച് നില്‍ക്കുന്ന കുത്തുകളില്‍ ഇടത്ത് നിന്നു വലത്തോട്ട് വിരലോടിച്ചാണ് ഇത് വായിച്ചെടുക്കുന്നത്. ബ്രെയില്‍ ടൈപ്പ്‌റൈറ്റര്‍, കടലാസില്‍ കുത്തുകളിടുന്ന വൈദ്യുത യന്ത്രങ്ങള്‍ തുടങ്ങി ആധുനിക യന്ത്രങ്ങള്‍ ഇന്ന് കണ്ടെത്തിയിട്ടുണ്ട്.
നൈറ്റ് റൈറ്റിങ്
ബ്രയിലിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് ചാള്‍സ് ബാര്‍ബെറുടെ നിശാ എഴുത്ത് എന്ന നൈറ്റ് റൈറ്റിങ് രീതിയാണ്. ഇരുട്ടത്ത് പരസ്പരം സംസാരിക്കാതെ രഹസ്യങ്ങള്‍ എഴുതി കൈമാറാനും ഇരുട്ടത്ത് വിരല്‍ സ്പര്‍ശം കൊണ്ട് അത് വായിക്കാനുമുള്ള ഒരു രീതി ഫ്രഞ്ച് പട്ടാളത്തിനുണ്ടായിരുന്നു.
1800 കളില്‍ നെപ്പോളിയന്‍ ബോണപ്പാട്ടിന്റെ സൈനികര്‍ക്ക് വേണ്ടി ചാള്‍സ് ബാര്‍ബെര്‍ രൂപ കല്‍പന ചെയ്ത രീതിയാണിത്. രാത്രി കാലങ്ങളില്‍ സൈനികര്‍ കത്തുകള്‍ വായിക്കാനും മറ്റും വിളക്കുകള്‍ കത്തിക്കുന്നത് ശത്രുക്കള്‍ കാണുകയും നിരവധി തവണ ഒട്ടനേകം പട്ടാളക്കാര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുള്ളത് ചാള്‍സ് ബാര്‍ബെര്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.
അത്തരം അപകടങ്ങളില്‍ ഇനിയും പട്ടാളക്കാര്‍ ചാടാതിരിക്കാന്‍ വേണ്ടി ബാര്‍ബെറി സൃഷ്ടിച്ചതാണ് ഈ രീതി. ഈ ഭാഷാരീതി കുറേകൂടി ലഘൂകരിച്ച് പരഷ്‌ക്കരിക്കാവുന്നതാണെന്നു ലൂയിക്ക് ബോധ്യപ്പെട്ടു. കഠിന പ്രയത്‌നമായിരുന്നുപിന്നീട്. പതിനഞ്ചു വയസു മാത്രമായിരുന്നു അന്ന് ലൂയിക്ക്. തന്റെ കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കിയ തുകല്‍ തുന്നുന്ന വലിയ സൂചികൊണ്ടു തന്നെയാണ് പുതിയ ലിപി എഴുതാനുപയോഗിക്കുന്നതും.
മടക്കം മറ്റൊരു ജനുവരിയില്‍
1847ല്‍ ബ്രെയ്‌ലി ലിപിയില്‍ അച്ചടിച്ച ആദ്യ പുസ്തകം പുറത്തിറക്കിയതോടെ ലോകമെമ്പാടും ഭിന്ന ശേഷിക്കാരായ ദശലക്ഷക്കണക്കിന് ആളുകളെ അറിവിന്റെ ലോകത്തേക്ക് അടുപ്പിക്കാനുള്ള സാധ്യതയായി. ആധുനിക ലോകത്ത് എല്ലാ മേഖലകളിലേക്കും ബ്രയ്‌ലി ലിപി കടന്നു ചെന്നു.
മലയാളം വരെ ഈ ലിപിയില്‍ ലഭ്യമായി. സ്മാര്‍ട്ട് വാച്ചുകള്‍ അടുത്ത കാലത്ത് ബ്രെയില്‍ സ്മാര്‍ട്ട് വാച്ചുകളായി പുറത്തിറങ്ങി. അച്ചടി ലോകത്ത് ഖുര്‍ആനടക്കം നിരവധി ഗ്രന്ഥങ്ങള്‍ ബ്രെയില്‍ ലിപിയില്‍ ഇന്ന് ലഭ്യമാണ്.
സാങ്കേതിക മികവുകള്‍ക്കൊപ്പം കാഴ്ചയില്ലാത്തവര്‍ ലോകത്ത് വെളിച്ചം പരത്തുന്ന പുതിയ രീതിയായി ബ്രെയില്‍ ലിപി മാറിയിരിക്കുകയാണ്. ജനുവരി നാലിനായിരുന്നു ബ്രെയില്‍ ജനിച്ചതെങ്കില്‍ നാല്‍പ്പത്തിമൂന്നാം വയസില്‍ മറ്റൊരു ജനുവരി ആറിനായിരുന്നു (1852 ല്‍) ലോകത്തോട് വിട പറഞ്ഞത്.
ബ്രയില്‍ ലിപി കണ്ടെത്തിയ കഥ
ഫാത്തിഹ ബിഷര്‍
എന്നത്തെയുംപോലെ കളിയിലേര്‍പെട്ടതായിരുന്നു ആ മൂന്നു വയസുകാരന്‍. കളിക്കാന്‍ കിട്ടിയത് തുകലുല്‍പ്പന്നങ്ങള്‍ തയ്ക്കുന്ന വലിയ സൂചിയാണ്. എന്താണ് സംഭവിച്ചതെന്നറിയില്ല. കുട്ടിയുടെ വലിയ കരച്ചില്‍ കേട്ട് രക്ഷിതാക്കള്‍ ഓടി എത്തിയപ്പോള്‍ ആ കാഴ്ച അവരെ ഞെട്ടിച്ചു. കുഞ്ഞിന്റെ ഒരു കണ്ണ് തുളച്ചു സൂചി കയറിയിരിക്കുന്നു.
വിദഗ്ധമായ ചികിത്സ തന്നെ രക്ഷിതാക്കള്‍ അവനുനല്‍കി. പക്ഷേ ആ കണ്ണിന്റെ കാഴ്ചയെ ഡോക്ടര്‍മാര്‍ക്ക് തിരികെ നല്‍കാനായില്ല. ഏതാനും ആഴ്ചകളേ വേണ്ടി വന്നുള്ളൂ. മറ്റേ കണ്ണിനും അണുബാധ. ചികിത്സ തുടര്‍ന്നു.
പക്ഷേ, അഞ്ചാം വയസില്‍ കുട്ടി പൂര്‍ണ അന്ധനായി. ലോകത്തെ മാറ്റിമറിച്ച ഒരു കണ്ടുപ്പിടിത്തത്തിന് കാരണമായത് ഈ ദാരുണ സംഭവമാണ്. അന്ധര്‍ക്കും കാഴ്ചവൈകല്യങ്ങളുള്ളവര്‍ക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവായി തീര്‍ന്നു പില്‍ക്കാലത്ത് ലൂയിസ് ബ്രെയിലി എന്ന ആ കുട്ടി. അന്ന് അവന് കാഴ്ച തിരിച്ച് കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ അന്ധര്‍ക്ക് വായിക്കാനൊരു ഭാഷാ രീതിതന്നെ ലോകത്ത് ഇല്ലാതെ പോകുമായിരുന്നു.
പ്രശ്‌നത്തിനു പ്രതിവിധിയും
1809 ജനുവരി 4ന് ഫ്രാന്‍സിലെ കോപ്‌വ്രേയിലാണ് ലൂയിസ് ബ്രെയ്‌ലി ജനിക്കുന്നത്. കുഞ്ഞു നാളിലുണ്ടണ്ടായ ഒരപകടം. ഇരു കണ്ണുകളിലും അന്ധത വന്നു മൂടിയിട്ടും അവന്‍ തളര്‍ന്നില്ല. കണ്ട ലോകത്തെ ഇനിയും കാണാനാവില്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടു കരഞ്ഞില്ല. മാതാപിതാക്കളുടെ പരിപാലനം പൂര്‍ണമായി ലഭിച്ചു.
അകമഴിഞ്ഞ പ്രോല്‍സാഹനവും തുണച്ചു. അതോടെ ശാരീരിക വെല്ലുവിളികളെ അതിജീവിക്കാനും കരുത്താര്‍ജിച്ചു. സാമാന്യം സമ്പന്നരായിരുന്ന മാതാപിതാക്കളുടെ നാലുമക്കളില്‍ ഇളയവനായിരുന്നു ലൂയി.
തുകലുല്‍പ്പന്നങ്ങളുടെ നിര്‍മാണമായിരുന്നു പിതാവിന്റെ പ്രധാന വ്യവസായം. പഠിക്കാന്‍ സമര്‍ഥനും അധ്വാനശീലനുമായിരുന്ന ലൂയി ലോകത്തിലെ തന്നെ ആദ്യത്തെ അന്ധവിദ്യാലയത്തില്‍ പത്താമത്തെ വയസില്‍ ചേര്‍ന്നു പഠിച്ചു. വിദ്യാര്‍ഥിയായിരിക്കെ തന്റെ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപം ലൂയിസ് നല്‍കി. ഈ സംവിധാനം പിന്‍ തലമുറകളിലെ കോടികണക്കിനാളുകളുടെ ഭാവിക്ക് നിര്‍ണായകമായ വഴിത്തിരിവായി. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രെയിലി ലിപി ഇന്ന് മലയാളം ഉള്‍പ്പെടെ അനേകം ഭാഷകളില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.
അധ്യയന രീതി
അന്ധത അനുഭവിച്ചിട്ടില്ലാത്ത വലന്റെയിന്‍ ഹാഉയി രൂപം നല്‍കിയ ഹാഉയി സമ്പ്രദായമായിരുന്നു അന്നുണ്ടായിരുന്ന അന്ധവിദ്യാര്‍ഥികള്‍ പിന്തുടര്‍ന്നിരുന്നത്.
കാര്‍ഡ്‌ബോഡ് സമാനമായ കട്ടി കടലാസ്സില്‍ അക്ഷരത്തിന്റെ മുദ്രകള്‍ പതിപ്പിച്ചു കൈകള്‍ കൊണ്ട് തപ്പി വായിച്ചെടുക്കുന്ന രീതി. വലിയ ഉല്പാദനചെലവും, ഭാരമേറിയ പുസ്തകവും കുറച്ചുമാത്രം വിവരങ്ങള്‍ രേഖപ്പെടുന്നു എന്നതുമെല്ലാം ഈ രീതിയുടെ അശാസ്ത്രീയത വ്യക്തമാക്കി.
ഈ സംവിധാനത്തിലൂടെ ലൂയി സിലബസ് പൂര്‍ത്തിയാക്കി. ചരിത്രം, ഗണിതം, ജ്യോമിതി എന്നിവ ലൂയി പഠിച്ചു. വൈകാതെ അവിടെ അധ്യാപകനായി നിയമിതനായി. 24 ാം വയസില്‍ പ്രൊഫസര്‍ പദവിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."