കാത്തിരിപ്പിന് രണ്ടുവര്‍ഷം മഞ്ചേരി അഗ്നിശമനസേനയ്ക്ക് സ്വന്തം സ്ഥലവും കെട്ടിടവുമായില്ല
മഞ്ചേരി: അഗ്നിശമന സേന നിലവില്‍ വന്നിട്ട് രണ്ട് വര്‍ഷം തികയാറായെങ്കിലും സ്വന്തമായ കെട്ടിടവും സ്ഥലവുമെന്ന സ്വപ്നം ഇതുവരെയും സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ടില്ല. സേനക്കായി മഞ്ചേരിയില്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ 50 സെന്റ് ഭൂമിക്കുള്ള എന്‍.ഒ.സി ലഭ്യമായെങ്കിലും മന്ത്രിസഭ തീരുമാനം വരാത്തതിനാല്‍ ഇപ്പോഴും സ്വന്തമായി സ്ഥലം ലഭ്യമായെന്നു പറയാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ മരാമത്ത് വിഭാഗത്തില്‍ നിന്നു മുകളിലേക്കു പോവാത്തതാണ് നടപടികള്‍ വൈകിപ്പിക്കുന്നതെന്നാണ് വിവരം. മഞ്ചേരി കച്ചേരിപടിയിലെ നഗരസഭ കെട്ടിടത്തിലെ ഇടുങ്ങിയ മുറിയിലാണ് നിലവില്‍ സേന പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെ വിസ്തൃതമായ പ്രദേശങ്ങളുടെ രക്ഷാപ്രവര്‍ത്തന ചതുമതല നിര്‍വഹിക്കേണ്ടതാണ് മഞ്ചേരി അഗ്നിശമനസേന യൂനിറ്റ്. അന്‍പത് വാര്‍ഡുകളുള്ള നഗരസഭയും പതിനൊന്നു പഞ്ചായത്തുകളുമാണ് സേനയുടെ കീഴില്‍ വരുന്ന രക്ഷാപ്രവര്‍ത്തന ഏരിയ. അത്യാധുനിക സൗകര്യങ്ങള്‍ വേണ്ടിടത്താണ് വാടകകെട്ടിടത്തിലെ പരിമിതികളെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തകര്‍ കഴിഞ്ഞുകൂടുന്നത്. ജില്ലയില്‍ തന്നെ ഏറ്റും കൂടുതല്‍ ദുരന്ത കോളുകള്‍ അറ്റന്റ് ചെയ്യുന്നത് ഇവിടെയാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിവിധ ദുരന്തങ്ങളിലായി 147 കോളുകളാണ് മഞ്ചേരി അഗ്നിശമന സേനക്കു കൈകാര്യം ചെയ്യേണ്ടിവന്നത്. തീപിടുത്ത ദുരന്തങ്ങളാണ് നഗരത്തില്‍ കൂടുതലുണ്ടാവാറുള്ളത്. ജില്ലാ കോടതി, മെഡിക്കല്‍ കോളജ്, മിനി സിവില്‍ സ്‌റ്റേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നൂറുകണക്കിനു വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന നഗരത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു ഡസണിലേറെ തീ പിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യൂനിറ്റ് ഉദ്യോഗസ്ഥരുടെ ഞൊടിയിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ദുരന്തങ്ങളുടെ വ്യാപ്തി കുറയുന്നത്.
16 ഉദ്യോഗസ്ഥരുടെ അംഗബലം മാത്രമാണ് നിലവില്‍ മഞ്ചേരിയിലുള്ളത്. മലപ്പുറത്തും നിലമ്പൂരിലും 40 പേരുടെ നിരയുണ്ടാവുമ്പോഴാണ് മഞ്ചേരി അഗ്നിശമന സേനയിലെ ഈ അംഗപരിമിതി. പഴകി തുരുമ്പെടുത്ത ഒരു വാഹനമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. മൂന്ന് വാഹനങ്ങള്‍ വേണ്ടിടത്താണ് കാലപ്പഴക്കംചെന്ന ഒരു വാഹനം മാത്രം ഉപയോഗിക്കേണ്ടിവരുന്നത്. വാഹനാപകടങ്ങളുണ്ടാവുന്ന സമയത്ത് വാഹനങ്ങള്‍ക്കടിയില്‍ കുടുങ്ങുന്നവരെ രക്ഷപ്പെടുത്തുന്നതിനും മറ്റുമുള്ള ഹൈഡ്രോളിക് ഉപകരണങ്ങളും ഇവിടെയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."