'നിന്നെപ്പോലുള്ള നായകളെ കല്ലെറിഞ്ഞ് ഓടിക്കും'- സാമൂഹ്യപ്രവര്‍ത്തകനോട് പൊലിസ്
ബസ്തര്‍: പട്ടികളെയെന്ന പോലെ കല്ലെറിഞ്ഞ് ഓടിക്കുമെന്ന് ചത്തീസ്ഗഡിലെ സാമൂഹിക പ്രവര്ത്തകന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ സന്ദേശം. മാവോയിസ്റ്റ് മേഖലയുടെ ചുമതലയുള്ള മുതിര്‍ന്ന പൊലീസ് ഓഫിസര്‍ ഐ.ജി എസ്.ആര്.പി കല്ലൂരിയാണ് ഇത്രയും മോശമായ രീതിയില്‍ പ്രതികരിച്ചിരിക്കുന്നത്. തന്റെ സഹപ്രവര്ത്തക്കെതിരായ അക്രമത്തില്‍ പൊലിസിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പരാതിപ്പെട്ടപ്പോഴാണിത്. ഇയാള്‍ക്കെതിരെ തെളിവുമായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുകയാണ്.
സന്നദ്ധസംഘടന പ്രവര്‍ത്തകരോടും അഭിഭാഷകരോടും മനുഷ്യാവകാശ പ്രവര്‍ത്തകരോടും ഭീഷണിയുടെ സ്വരത്തിലാണ് ഐ.ജി എസ്.ആര്.പി കല്ലൂരി ഇടപെടുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സുരക്ഷാസേനയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠിക്കുന്ന ബേല ബാട്ടിയ എന്ന പൊതുപ്രവര്‍ത്തക സ്ഥലം വിടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ചിലര്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരെ നിയന്ത്രിക്കുന്നത് പൊലീസാണെന്ന് സംശയമുണ്ടായിരുന്ന ബാട്ടിയ ഇതേക്കുറിച്ച് കല്ലൂരിക്ക് പരാതി നല്കി. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല.
തുടര്‍ന്ന് പലരും ഇതേക്കുറിച്ച് കല്ലൂരിക്ക് വാട്സ്ആപ് സന്ദേശങ്ങളും അയച്ചു. പലതിനും വളരെ മോശമായ ഭാഷയിലാണ് കല്ലൂരി മറുപടി നല്‍കിയത്.
സന്ദീപ് സിങ് എന്ന സാമൂഹ്യ പ്രവര്ത്തകന് അയച്ച 'നിങ്ങള്‍ ഭരണഘടനക്ക് അതീതനല്ല, മനസാക്ഷി പണത്തിന് വേണ്ടി വില്‍ക്കാതിരിക്കൂ' എന്ന സന്ദേശത്തിന് മാവോയിസ്റ്റുകളും നിന്നെപ്പോലെയുള്ള അവരുടെ പട്ടികളും ബസ്തറില്‍ നിന്നും കല്ലെറിഞ്ഞ് ആട്ടിയോടിക്കപ്പെടും, കരുതിയിരുന്നോ എന്നായിരുന്നു കല്ലൂരിയുടെ മറുപടി.
ബേലാ ബാട്ടിയയെ വീട്ടില്‍ നിന്നും ഇറക്കിവിടരുത് എന്ന മറ്റൊരാളുടെ സന്ദേശത്തിന് 'F U' എന്നാണ് കല്ലൂരി മറുപടി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."