പോള ശല്യത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം കുട്ടനാട്ടില്‍
കുട്ടനാട്: പോളശല്യത്തെപ്പറ്റി പഠിക്കാനായി കേന്ദ്രം സംഘം കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി. കേന്ദ്ര കൃഷി മന്ത്രിക്ക് നല്‍കിയ നിവേദനത്തിനെ തുടര്‍ന്നാണ് സംഘം കുട്ടനാട്ടിലെത്തിയത്.
ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ചിലെ ഡോ.എ.ആര്‍.ശര്‍മ്മയുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. നെടുമുടി, പുളിങ്കുന്ന്, കാവാലം, നീലംപേരൂര്‍, രാമങ്കരി, വെളിയനാട് പ്രദേശങ്ങളിലെ നിലങ്ങള്‍ക്ക് പുറമേ എ.സി. കനാലിലെ പോള ബാധിത പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ വിഷയവുമായി ബന്ധപ്പെട്ട യോഗം നടത്തി. വീര്യം കുറഞ്ഞ രാസപ്രയോഗത്തിന് ശേഷം യന്ത്രസഹായത്തോടെ പോള നീക്കം ചെയ്യാമെന്ന നിലപാടാണ് സംഘം മുന്നോട്ട് വെച്ചത്.
ശല്യം രൂക്ഷമായ ഭാഗങ്ങളില്‍ പോള പൂര്‍ണമായും നീക്കാന്‍ ഏക്കറിന് ഒരു ലക്ഷം രൂപയാണ് പരമാവധി ചെലവ്. പദ്ധതിക്ക് ആകെ അഞ്ച് കോടിയോളം രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. പോള പൂര്‍ണമായും നീക്കം ചെയ്ത ശേഷം പിന്നീടുള്ള വര്‍ഷങ്ങളില്‍ കൃത്യമായ മേല്‍നോട്ടം വേണമെന്ന് സംഘം നിര്‍ദ്ദേശിച്ചു. യോഗത്തിലെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷം കേന്ദ്ര കൃഷി മന്ത്രാലയത്തിന് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കൂടാതെ പോള കമ്പോസ്റ്റായി വില്‍കുന്ന പദ്ധതിയുടെ സാധ്യതകളെപ്പറ്റിയും സംഘം പരിശോധിക്കും. സബ്‌സിഡി നിരക്കില്‍ പോള വാരല്‍ യന്ത്രങ്ങള്‍ ലഭ്യമാക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി.അബ്ദുല്‍ കരീം മുന്നോട്ട് വെച്ചു. കീടനാശിനി പ്രയോഗമില്ലാതെ പോള പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പോള വാരല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യമുയര്‍ന്നു. ഒരു കൃഷി ഉപേക്ഷിച്ച് ജലാശയങ്ങളില്‍ ഉപ്പ് വെള്ളം കയറ്റിയിട്ടാല്‍ പോളശല്യം പരിഹരിക്കാമെന്ന ആവശ്യവും ചില രാഷ്ട്രീയ കക്ഷി നേതാക്കള്‍ മുന്നോട്ട്‌വെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."