കച്ചവട സ്ഥാപനങ്ങള്‍ക്കു മുന്നിലെ മത്സ്യവില്പനക്കെതിരേ വ്യാപാരികള്‍
കാഞ്ഞങ്ങാട്: കച്ചവട സ്ഥാപനങ്ങള്‍ക്കു മുന്നില്‍ മത്സ്യവില്പന നടത്തുന്നത് നഗരത്തിലെ വ്യാപാരികള്‍ക്ക് ദുരിതം സൃഷ്ടിക്കുന്നു. ഇതു സംബന്ധിച്ച് വ്യാപാരികള്‍ നഗരസഭക്കു പരാതി നല്കി. കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റ് ആധുനിക രീതിയില്‍ സജ്ജീകരിച്ചു മത്സ്യ വില്പന നടത്തുന്നതിനു വേണ്ട എല്ലാവിധ സൗകര്യങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മാര്‍ക്കറ്റ് കെട്ടിടത്തില്‍ മത്സ്യ വില്പന നടത്തുന്നതിനു പകരം ചിലര്‍ സന്ധ്യമയങ്ങിയാല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ മുന്നില്‍ മത്സ്യ വില്പന നടത്തുന്നതായാണു പരാതി. ഇതു കാരണം വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും തടസം നേരിടുന്ന അവസ്ഥയുമുണ്ടാകുന്നു. മത്സ്യ കൊട്ടയിലെ അവശിഷ്ടങ്ങള്‍ പാതയിലേക്ക് ഒഴുക്കി വിടുന്നതു കാരണം രാവിലെ വ്യാപാരികള്‍ക്ക് ദുര്‍ഗന്ധം കാരണം കടയിലിരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ആരോപണമുണ്ട്.
ആധുനിക രീതിയിലുള്ള മത്സ്യ മാര്‍ക്കറ്റ് പണിതിട്ടും അവിടെ മത്സ്യം വില്‍ക്കാതെ കടക്കു മുന്നില്‍ വില്പന നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് വ്യാപാരികള്‍ നഗരസഭ അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."