1111 വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം പാടാന്‍ ഒരുങ്ങുന്നു
കാഞ്ഞങ്ങാട്: ചരിത്രത്തിലിടം നേടാന്‍ 1111 വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം പാടാനൊരുങ്ങുന്നു. വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങുന്നത്. മലയാള സാഹിത്യത്തിന് വെള്ളിക്കോത്ത് സംഭാവന നല്‍കിയ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി. കേളു നായര്‍ എന്നിവരുടെ കൃതികളാണ് റിപ്പബ്ലിക് ദിനത്തില്‍ കുട്ടികള്‍ ആലപിക്കുന്നത്. പി.യുടെ അമ്മയെന്ന കവിതയും കേളുനായരുടെ സ്മരിപ്പിന്‍ ഭാരതീയരെ എന്ന ദേശഭക്തി ഗീതവുമാണ് 1000 ല്‍പ്പരം കണ്ഠങ്ങളില്‍ നിന്ന് ഒരേ സമയം ഉയരുക.
പ്രശസ്ത സംഗീതജ്ഞനും സ്‌കൂളിലെ സംഗീതാധ്യാപകനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ജനകീയ സംഗീത പ്രസ്ഥാനത്തിലെ അംഗങ്ങളാണ് പാട്ടുപാടി ചരിത്രം തിരുത്താന്‍ ഒരുങ്ങുന്നത്. വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് പരിശീലകന്‍.
26നു രാവിലെ 9.45നാണ് ദേശഭക്തിഗാനം ആലപിക്കുന്നത്. മുന്നോടിയായി വിഷ്ണുഭട്ട് വന്ദനശ്ലോകം ചൊല്ലും. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.പി.പ്രകാശ്കുമാര്‍, സ്‌കൂള്‍ ലീഡര്‍ അനുശ്രീക്ക് ഹാര്‍മോണിയം കൈമാറിയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.
വൈക്കം നരേന്ദ്രബാബു (വയലിന്‍), ടി.കെ വാസുദേവ (മൃദംഗം), കൃഷ്ണന്‍ കൊല്ലമ്പാറ (ഓടക്കുഴല്‍), കൃഷ്ണകുമാര്‍ നീലേശ്വരം (കീബോര്‍ഡ്), മടിക്കൈ ഉണ്ണികൃഷ്ണന്‍, സുധാകരന്‍ അടോട്ട്, സി.പി. വത്സരാജ് (തബല), പി.പി രത്‌നാകരന്‍ (ഇലത്താളം) എന്നിവരാണ് പക്കമേളം ഒരുക്കുന്നത്. ചിത്രകലാ അധ്യാപകന്‍ അരവിന്ദാക്ഷന്റെ ചിത്രപ്രദര്‍ശനവുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."