ആളിയാര്‍ കരാര്‍ പുതുക്കല്‍; ബി.ഡി.ജെ.എസ് റോഡ് ഉപരോധിച്ചു
ഗോവിന്ദാപുരം: പി.എ.പി കരാര്‍ മുഖ്യമന്ത്രി ഇടപെടാത്തതില്‍ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് ഗോവിന്ദാപുരത്ത് റോഡ് ഉപരോധിച്ചു. മംഗലം- ഗോവിന്ദാപുരം അന്തര്‍ സംസ്ഥാന റോഡില്‍ ഗോവിന്ദാപുരം അതിര്‍ത്തിയിലാണ് നൂറിലധികം ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്.
പറമ്പിക്കുളം- ആളിയാര്‍ കരാറില്‍ തമിഴ്‌നാട് ലംഘനം നടത്തി അനധികൃതമായി വെള്ളം കടത്തികൊണ്ടു പോകുമ്പോള്‍ ഇതിനെതിരേ ശക്തമായ നിലപാടി സ്വീകരിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിന്റ് എ.എന്‍. അനുരാഗ് പറഞ്ഞു. ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തര്‍സംസ്ഥാന നദീജലകരാറുകളുടെ ഭാഗമായി ഇരു സംസ്ഥാനങ്ങളുംചര്‍ച്ച ചെയ്യേണ്ട യോഗങ്ങളില്‍ മുഖ്യമന്ത്രിക്കു പകരം ഉദ്യോഗസ്ഥരെ അയക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പങ്കെടുക്കേണ്ട യോഗത്തില്‍ മുഖ്യമന്ത്രി തന്നെ പങ്കെടുത്ത് കേരളത്തിന്റെ ആവശ്യം വാങ്ങിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു.
ചിറ്റൂര്‍, നെന്മാറ നിയോജകമണ്ഡലങ്ങളില്‍ മഴക്കുറവു മൂലം രണ്ടാം വിളയും കുടിവെള്ള ക്ഷാമവും രൂക്ഷമാകുമ്പോള്‍ കേരളത്തിനു ലഭിക്കേണ്ട 3.25 ടി.എം.സി ജലം വാങ്ങിയെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കടുത്തവരള്‍ച്ചയിലേക്കും കുടിവെള്ളക്ഷാമത്തിലേക്കും ചിറ്റൂര്‍ താലൂക്ക് നീങ്ങുമെന്നും അന്തര്‍ പി.എ.പി പദ്ധതിയില്‍ കേരളത്തിന് വെള്ളം വിട്ടുനല്‍കുന്ന ഷട്ടറുകളുടെ നിയന്ത്രണം കേരളം ഏറ്റെടുക്കണമെന്നും ഇതിനു സര്‍ക്കാര്‍ തയ്യാറാവണമെന്നും സമരക്കാര്‍ ആവശ്യപെട്ടു.
ആര്‍. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. എ.പി .കുട്ടികൃഷ്ണന്‍, എ. ശശിവന്‍, ഗിരിദാസന്‍, ഗംഗാധരന്‍, എനില്‍, രതീഷ് സംസാരിച്ചു. രാവിലെ പത്തരക്കു തുടങ്ങിയ റോഡ് ഉപരോധം പൊലിസ് ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."