വി. വി സ്മാരക ആശുപത്രി കെട്ടിടത്തിനു 26നു തറക്കല്ലിടും
ചെറുവത്തൂര്‍: ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ചെറുവത്തൂര്‍ വി.വി സ്മാരക ആശുപത്രി കെട്ടിടത്തിനു 26നു തറക്കല്ലിടും. രാവിലെ 11നു പി കരുണാകരന്‍ എം.പി ശിലാസ്ഥാപനം നിര്‍വഹിക്കും. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി 2012 ലാണ് വി.വി സ്മാരക ആശുപത്രിക്ക് അത്യാധുനിക കെട്ടിടം പണിയാന്‍ 1.68 കോടി രൂപ നബാര്‍ഡ് അനുവദിച്ചത്.
എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് ജില്ലയില്‍ അനുവദിച്ച എന്‍ഡോസള്‍ഫാന്‍ പാക്കേജിലെ 235 പദ്ധതികളില്‍ ഒന്നായിരുന്നു ഇത്. അത്യാധുനിക സംവിധാനങ്ങളുള്ള മൂന്നു നില കെട്ടിടമാണ് നിര്‍മിക്കുക. താഴത്തെ നിലയില്‍ ഫിസിയോ തെറാപ്പി, ലാബ്, കാഷ്വാലിറ്റി, ഒ.പി സംവിധാനം എന്നിവ ഒരുക്കും. രണ്ടാം നിലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള വാര്‍ഡും ഏറ്റവും മുകളിലെ നിലയില്‍ പുരുഷന്‍മാരുടെ വാര്‍ഡും ഒരുക്കും. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് അത്യാധുനിക ആശുപത്രി നിര്‍മിക്കാനുള്ള പ്രൊജക്ട് തയാറാക്കിയിരുന്നത്. എം.പിയുടെ ഇടപെടല്‍ കൂടിയായതോടെ പദ്ധതി യാഥാര്‍ഥ്യമാകുകയാണ്.
പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, പടന്ന, വലിയപറമ്പ് എന്നീ പഞ്ചായത്തുകളിലുള്ളവര്‍ ആശ്രയിക്കുന്നത് ആശുപത്രിയെയാണ്. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ പാവപ്പെട്ട നിരവധി രോഗികള്‍ക്ക് ഏറെ ആശ്രയമാവും ഈ ആശുപത്രി. വര്‍ഷങ്ങളായി നിലനിന്ന ആശങ്കകള്‍ക്കൊടുവിലാണു കെട്ടിടനിര്‍മാണത്തിനു അനുമതി ലഭിച്ചത്. നേരത്തേ കെട്ടിട നിര്‍മാണത്തിനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നെങ്കിലും കെട്ടിടനിര്‍മാണചട്ടത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ടൗണ്‍ പ്ലാനര്‍ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് പഞ്ചായത്ത്‌രാജ് ആക്ട് കെട്ടിട നിര്‍മാണ ചട്ടത്തിലെ റൂള്‍ അനുസരിച്ച് പ്രത്യേക ഇളവു നല്‍കി പദ്ധതി പൂര്‍ത്തീകരിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു.
തറക്കല്ലിടല്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ നാരായണന്‍, പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ബ്ലോക്ക് പഞ്ചായത്തംഗം വെങ്ങാട്ട് കുഞ്ഞിരാമന്‍, ഡോ. ഡി ജി രമേഷ്, എച്ച്.ഐ സുരേശന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."