ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ കൊലപാതകം: എട്ടു പ്രതികള്‍ കുറ്റക്കാര്‍
മഞ്ചേരി: തിരുവാലി പുലത്ത് ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. കേസില്‍ മഞ്ചേരി എസ്.സി, എസ്.ടി പ്രത്യേക കോടതി ഇന്നു ശിക്ഷ വിധിക്കും.
തായംകോട് പുലിക്കോട്ടില്‍ കോടാലി ഫയാസ് (34), പാലയില്‍ ജയരാജന് (മണി 45), മൂച്ചിക്കല്‍ നടുവത്ത് കൊട്ടേങ്ങാടന് ശംസുദ്ദീന്‍ (46), പുലിക്കോട്ടുമറ്റത്ത് പൂക്കോയ തങ്ങള്‍ (50), ആയത്തുകുന്ന് മണലായി അനൂപ് (30), തായംകോട് കുട്ടശ്ശേരി ശിഹാബുദ്ദീന് (36), കവുങ്ങുംകൊടിക നൗഷാദ്, കുട്ടശ്ശേരി ജാബിര്‍ (40) എന്നിവര്‍ക്കെതിരേയുള്ള കുറ്റമാണ് തെളിയിക്കപ്പെട്ടത്. മറ്റത്ത് സജാദ് (30), പടകാളിപ്പറമ്പ് എളഞ്ചീരി ചാത്തന് (48), പുലിക്കോട്ടില്‍ ബിനോസ് (26), കുട്ടശ്ശേരി സാജിദ് മോന് (40) എന്നിവരെ കുറ്റവിമുക്തരാക്കി.
സംഘം ചേരല്‍, കുഴപ്പമുണ്ടാക്കല്‍, ആയുധം ഉപയോഗിക്കല്‍, കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിയിക്കപ്പെട്ടിരിക്കുന്നത്. 2008 ഫെബ്രുവരി എട്ടിനു കാരക്കുന്ന് പാറേങ്ങല്‍ അബ്ദുല്‍ നാസര്‍ (29) കൊല്ലപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. തായംകോട് വട്ടക്കളരി മൈതാനത്ത് ഫുട്ബോള്‍ മത്സരത്തിനിടെയാണ് ഇരു ടീമുകള്‍ ഏറ്റുമുട്ടിയത്. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ഫുട്ബോള്‍ മത്സരത്തില്‍ പെനാല്‍റ്റി അനുവദിച്ചതു സംബന്ധിച്ചു തര്‍ക്കവും സംഘര്‍ഷവും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും ഏറ്റുമുട്ടിയത്. ഇരുപതോളം പേരുള്ള സംഘം അബ്ദുല്‍ നാസറിനെ അക്രമിക്കുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കേസില്‍ 27 പേരെ കോടതി വിസ്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."