'നാവികു'മായി പരീക്ഷണബോട്ടുകള്‍ ഇന്ന് കടലിലേക്ക്
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കുന്ന നാവിക് സംവിധാനത്തിന്റെ പരീക്ഷണം ഇന്ന് നടക്കും. രാവിലെ എട്ടിന് കൊല്ലം നീണ്ടകര തുറമുഖത്തുനിന്ന് നാവിക് സംവിധാനം ഘടിപ്പിച്ച ബോട്ടുകള്‍ ഉള്‍ക്കടലിലേക്ക് പുറപ്പെടും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഫഌഗ് ഓഫ് ചെയ്യും. ഇതേസമയംതന്നെ വിഴിഞ്ഞത്തുനിന്നും കൊച്ചിയില്‍നിന്നും നാവിക് സംവിധാനമുള്ള ബോട്ടുകള്‍ കടലിലേക്ക് പരീക്ഷണ യാത്ര ആരംഭിക്കും.
ഐ.എസ്.ആര്‍.ഒയാണ് നാവിക് സംവിധാനം വികസിപ്പിച്ചെടുത്തത്. മത്സ്യ ലഭ്യത, കാറ്റിന്റെ ഗതിവ്യാപനം, മഴ, ന്യൂനമര്‍ദമേഖലകള്‍, മത്സ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍, കടല്‍ക്ഷോഭം എന്നിവ സംബന്ധിച്ച വിവരം ഇതുവഴി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കും. ആദ്യഘട്ടത്തില്‍ 500 ബോട്ടുകളിലാണ് സംവിധാനം ഘടിപ്പിക്കുന്നത്.
ഇന്‍കോയ്‌സില്‍നിന്ന് ലഭിക്കുന്ന അറിയിപ്പുകള്‍ ഐ.എസ്.ആര്‍.ഒ വഴിയാണ് മത്സ്യത്തൊഴിലാളികളുടെ ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്ക് നാവിക് ഉപകരണത്തിലൂടെ എത്തുന്നത്. കരയില്‍നിന്ന് 1500 കിലോമീറ്റര്‍ വരെ അകലെയുള്ള ബോട്ടുകള്‍ക്ക് വിവരം ലഭ്യമാക്കാനാകും. നീണ്ടകരയില്‍നിന്ന് പുറപ്പെടുന്ന ബോട്ടുകള്‍ 200 നോട്ടിക്കല്‍ മൈല്‍ അകലെവരെ പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."