മഴക്ക്മുമ്പെ ഉത്തരേന്ത്യയില്‍ നിന്ന് കുട, പുതപ്പ് കച്ചവടക്കാര്‍ എത്തി
ഒറ്റപ്പാലം: വേനല്‍ മഴ പെയ്തപ്പോഴേക്കും കുട വില്‍ക്കാന്‍ ഉത്തരേന്ത്യക്കാര്‍ എത്തി. ഫോള്‍ഡ് കുടകള്‍ക്ക് പകരം നീണ്ട, വര്‍ണങ്ങളിലുള്ള കാലന്‍കുടകളാണ് സംഘം വില്‍ക്കുന്നത്.
ഒറ്റപ്പാലത്ത് മായന്നൂര്‍ പാലത്തിന് അരികില്‍ സംസ്ഥാന ഹൈവേയിലും മറ്റും ഇവര്‍ കൂട്ടമായി കുടയുമായി എത്തിയിട്ടുണ്ട്. റോഡരികില്‍ വെച്ചാണ് വില്‍പ്പന. കഴിഞ്ഞ വര്‍ഷവും ഇതെ സ്ഥലത്ത് ഇവര്‍ എത്തിയിരുന്നെങ്കിലും ഇത്തവണ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്. ഇവര്‍ തന്നെ നിര്‍മ്മിക്കുന്ന കുടകളാണ് വില്‍ക്കുന്നത്.
കുടില്‍ വ്യവസായമായി ഉത്തര്‍പ്രദേശിലെ ചില ഗ്രാമങ്ങളില്‍ നിര്‍മ്മിക്കുന്ന കുടകളും വില്‍പ്പനക്ക് ഉണ്ട്. വലിയ കുടക്ക് 250 രൂപയും ചെറുതിന് 200 രൂപയുമാണ് വില പറയുന്നതെങ്കിലും പേശിയാല്‍ 100 രൂപ വരെ കുറക്കും. കുടകള്‍ക്കൊപ്പം പുതപ്പുമായും സംഘങ്ങള്‍ എത്തി ചേര്‍ന്നിട്ടുണ്ട്. കുട പോലം വഴിയില്‍ വെച്ചല്ല, നടന്നാണ് ഇതിന്റെ വില്‍പ്പന. കോട്ടണ്‍ മുതല്‍ വെല്‍വെറ്റ് കൊണ്ടുണ്ടാക്കിയ പുതപ്പുകളാണ് അധികവും.
വലിയ പുതപ്പിന് ആദ്യത്തെ വിലയില്‍ 1500 രൂപയുമെല്ലാം പറയുമെങ്കിലും അഞ്ഞൂറില്‍ താഴെ വിലക്ക് കിട്ടും. മഴക്കാലത്ത് കുടയെന്ന പോലെ പുതപ്പിനും കേരളത്തില്‍ നല്ല വിപണിയാണെന്ന് കച്ചവടക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശി പറഞ്ഞു. കുടുംബ സമേതമാണ് പലരും വില്‍പ്പനക്ക് എത്തിയിട്ടുള്ളത്. മഴക്കാലത്തിന് ശേഷമേ പലരും ഇനി കേരളം വിടുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."