കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി പൂനെ സിറ്റിയെ സമനിലയില്‍ തളച്ചു
കൊച്ചി: ഡേവിഡ് ജെയിംസിന്റെ തന്ത്രത്തില്‍, കിസിറ്റോയുടെ വരവില്‍ കരുത്തരായ എഫ്.സി പൂനെ സിറ്റിയെ കേരള ബ്ലാസ്റ്റേഴ്്‌സ് സമനിലയില്‍ തളച്ചു. കപ്പിത്താന്‍ പാതി വഴിയില്‍ പടിയിറക്കപ്പെട്ടതോടെ നിയന്ത്രണം ഏറ്റെടുത്ത ഡേവിഡ് ബെഞ്ചമിന്‍ ജെയിംസിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന് പുതിയ ഊര്‍ജമായി. ഒന്നാം പകുതിയുടെ 33ാം മിനുട്ടില്‍ മാഴ്‌സലീഞ്ഞോ നേടിയ ഗോളിന് ബ്ലാസ്റ്റേഴ്‌സ് പിന്നിലായി. 73ാം മിനുട്ടില്‍ മാര്‍ക്ക് സിഫ്‌നിയോസിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ നേടി. കെസിറോണ്‍ കിസിറ്റോയുടെ മധ്യനിരയിലേക്കുള്ള വരവിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് പോരാട്ട വീര്യം വീണ്ടെടുത്തത്. ബംഗൂളൂരുവിന് എതിരായ തോല്‍വിയില്‍ നിരാശരായ കാണികള്‍ ഇന്നലെ കാര്യമായി സ്റ്റേഡിയത്തിലേക്ക് എത്തിയില്ല. 26,586 പോരാണ് ഇന്നലെ കളി കാണാന്‍ എത്തിയത്.
കരുതലോടെയുള്ള തുടക്കം പിഴച്ചു
കരുതലോടെയായിരുന്നു ബ്ലാസ്റ്റേഴ്‌സും പൂനെയും പന്ത് തട്ടി തുടങ്ങിയത്. പൂനെയാണ് ആദ്യ നീക്കം നടത്തിയത്. മാഴ്‌സലീഞ്ഞോയും ആല്‍ഫാരോയും ചേര്‍ന്നു നടത്തിയ നീക്കം ബോക്‌സ് വരെയെത്തി. റഫറി ഓഫ് സൈഡ് വിളിയില്‍ മന്നേറ്റം നിലച്ചു. പിന്നാലെ പൂനെ ഗോള്‍ മുഖത്തേക്ക് ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റത്തിന് കൃത്യതയില്ലാതെ പോയി. പിന്നീട് തുടരെ തുടരെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് പൂനെയുടെ ആക്രമണമായിരുന്നു. ഗോള്‍ശ്രമങ്ങളും ഫ്രീകിക്കുകളും നിറഞ്ഞു നിന്ന നിമിഷങ്ങളില്‍ കാവല്‍ക്കാരന്‍ സുഭാശിഷ് റോയിയുടെ സേവും ഒപ്പം ഭാഗ്യവുമാണ് ബ്ലാസ്റ്റേഴ്‌സിനെ തുണച്ചത്. വെസ് ബ്രൗണും ജിങ്കനും റിനോ ആന്റോയും ലാല്‍റുത്താരയും കൈകോര്‍ത്ത് അണിനിരന്ന പ്രതിരോധം പലപ്പോഴും ദുര്‍ബലമായി. ഇതോടെ അവസരങ്ങളുമായി പൂനെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് നിറഞ്ഞാടി. മാഴ്‌സലീഞ്ഞോടെയുടെ 15, 21 മിനുട്ടുകളിലെ ഗോള്‍ എന്നുറച്ച ഷോട്ടുകള്‍ സുഭാശിഷ് രക്ഷപ്പെടുത്തി. 22ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് മികച്ചൊരു അവസരം. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ കിട്ടിയ പന്തിലേക്ക് സിഫ്‌നിയോസ് പാഞ്ഞടുത്തെങ്കിലും ഓഫ് സൈഡ് കെണിയില്‍ വീണു.
പൂനെ ഗോളിന് ആഷിഖ് സ്പര്‍ശം
പരസ്പരം ആക്രമിച്ച് നീങ്ങുന്നതിനിടെ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് വല കുലുങ്ങി. 33ാം മിനുട്ടില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ കുറിയ പാസുകളിലൂടെ തുടങ്ങി വച്ച നീക്കമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മസ്തകം തകര്‍ത്തത്. ആഷിഖിന്റെ നീക്കത്തിന് ഒടുവില്‍ ബോക്‌സിന്റെ വലത് മൂലയില്‍ നിന്ന് മാഴ്‌സലീഞ്ഞോ പന്ത് ഗോള്‍ പോസ്റ്റിലേക്ക് തൊടുക്കുമ്പോള്‍ സുഭാശിഷിന് നിസഹായനാകാനേ കഴിഞ്ഞുള്ളു. ജിങ്കന്റെ കാഴ്ച മറച്ചു നിന്ന ആല്‍ഫരോയും പ്രതിരോധത്തിന്റെ മുനയൊടിച്ച പൂനെയുടെ മുന്നേറ്റ നിരയും ടീം വര്‍ക്കിന്റെ മികച്ച ഉദാഹരണവുമായി കൊച്ചിയുടെ പുല്‍ ത്തകിടിയില്‍ തിളങ്ങി.
ആഷിഖ് കുരുണിയന്‍ ബ്ലാസ്റ്റേഴ്‌സിന് കടുത്ത ഭീഷണിയാണ് സൃഷ്ടിച്ചത്. 36ാം മിനുട്ടില്‍ ആഷിഖിന്റെ നിലം പറ്റിയുള്ള ഷോട്ട് സഹതാരത്തിന്റെ ദേഹത്തു തട്ടി ദിശമാറിയ സുഭാശിഷിന്റെ കൈയിലൊതുങ്ങി. ഒരു ഗോളിന് പിന്നിലായതോടെ ആക്രമണത്തിലേക്ക് വഴി മാറിയ ബ്ലാസ്റ്റേഴ്‌സിനായി ഹ്യൂം എതിര്‍ ഗോള്‍ പോസ്റ്റിലേക്ക് കുതിച്ചെത്തിയെങ്കിലും ഓഫ്‌സൈഡില്‍ കുരുങ്ങി.
കിസിറ്റോ ദി റിയല്‍ ഹീറോ
ഒരു ഗോളിന് പിന്നിലായതോടെ ഡേവിഡ് ജെയിംസ് രണ്ടാം പകുതിയില്‍ മാറ്റം വരുത്തിയാണ് ബ്ലാസ്റ്റേഴ്‌സിനെ കളത്തിലിറക്കിയത്. സൂപ്പര്‍ താരം ദിമിത്രി ബെര്‍ബറ്റോവിന് പകരം ടീമിലെ പുതുമുഖം ഉഗാണ്ടന്‍ താരമായ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസിറ്റേയെ കളത്തിലിറക്കി. ചടുലമായ നീക്കങ്ങളിലൂടെ പിഴവില്ലാത്ത പാസുകള്‍ സമ്മാനിച്ച് മധ്യനിരക്ക് പുതിയ ഊര്‍ജമാണ് കിസിറ്റോ സമ്മാനിച്ചത്. കിസിറ്റോ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് പഴയ ബ്ലാസ്റ്റേഴ്‌സല്ലാതായി മാറി. പൂനെ ഗോള്‍മുഖത്തെ വിറപ്പിച്ച് നിരന്തരം പന്തുകള്‍ പാഞ്ഞെത്തി. പിന്നോട്ടിറങ്ങി മുന്നോട്ടു പാഞ്ഞു കയറി പന്തെടുത്ത് ഗോള്‍ മുഖത്തോക്ക് എത്തിക്കുന്നതില്‍ കിസിറ്റോ വിജയിച്ചു. എന്നാല്‍, കിസിറ്റോ നല്‍കിയ പന്ത് കൃത്യമായി കണക്ട് ചെയ്യാനോ ഫിനിഷ് ചെയ്യാനോ സഹ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. സിഫ്‌നിയോസിനും പെകുസണിനും ജാക്കി ചന്ദിനും ലഭിച്ച അവസരം ഗോളാക്കി മാറ്റാനുമായില്ല.
സിഫ്‌നിയോസിന്റെ സമനില
പൂനെ ബോക്‌സില്‍ നിരന്തരം സമ്മര്‍ദ്ദം സൃഷ്ടിച്ച് ബ്ലാസ്റ്റേഴ്‌സ് സമനിലയ്ക്കായി പൊരുതി. ഒടുവില്‍ 73ാം മിനുട്ടില്‍ ഫലവുമെത്തി. നിര്‍ജീവമായ ഗാലറിയെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ പിറന്നു. പന്തുമായി കുതിച്ച കിസിറ്റൊ പന്ത് പെകുസണിന് നല്‍കി. ബോക്‌സില്‍ പ്രവേശിച്ച പെകുസണ്‍ എതിര്‍ ഡിഫന്‍ഡറെ വെട്ടിയൊഴിഞ്ഞ ശേഷം പന്ത് സിഫ്‌നിയോസിന് മറിച്ചുനല്‍കി. പന്ത് പിടിച്ചെടുത്ത സിഫ്‌നിയോസ് ബോക്‌സിനുള്ളില്‍ നിന്ന് ഇടംകാല്‍ കൊണ്ട് പായിച്ച ഷോട്ട് പൂനെ ഗോളി വിശാല്‍ കെയ്തിനെ മറികടന്ന് വലയില്‍. സ്‌കോര്‍ 1-1. 75 ാം മിനുട്ടില്‍ ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 89 ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഗോളിനടുത്ത് എത്തിയെങ്കിലും പെകുസണിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി.
പൂനെ ലീഡ് വര്‍ധിപ്പിച്ച് വിജയം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും കിസിറ്റോയുടെ വരവില്‍ താളം വീണ്ടെടുത്ത ബ്ലാസ്റ്റേഴ്‌സ് ഉജ്ജ്വലമായി പൊരുതി. ഒടുവില്‍ കരുത്തരായ പൂനെയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ് ഒരു പോയിന്റ് കൂടി നേടി. സമനിലയാണെങ്കിലും 16 പോയിന്റുമായി പൂനെ ഒന്നാം സ്ഥാനക്കാരായി. ബ്ലാസ്റ്റേഴ്‌സ് എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."