സ്കോട്ട്ലന്റ് ക്രിക്കറ്റ് ലീഗ്: ബി.സി.സി.ഐ ഒന്നും അറിയിച്ചിട്ടില്ലെന്ന് ശ്രീശാന്ത്
തൃശൂര്‍: സ്കോട്ട്ലന്റ് ക്രിക്കറ്റ് ലീഗില്‍ കളിക്കുന്നത് സംബന്ധിച്ച് ബി.സി.സി.ഐ ഒന്നും തന്നെ അറിയിച്ചിട്ടില്ലെന്നു ശ്രീശാന്ത്. ഇതുമായി ബന്ധപ്പെട്ട് താന്‍ നല്കിയ അപേക്ഷകള്‍ക്കൊന്നും ബി.സി.സി.ഐ ഒരു മറുപടിയും നല്‍കിയിട്ടില്ല.
ഇക്കാര്യത്തില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനും പ്രതികരിച്ചിട്ടില്ല. തനിക്ക് ഇപ്പോഴും സ്കോട്ട്ലന്റില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബി.സി.സി.ഐ എന്‍.ഒ.സി എന്നു തരുന്നോ അന്നു സ്കോട്ട്ലന്റിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മൂന്നു വര്‍ഷം മുന്‍പ് തന്നെ വിലക്കിയതു സംബന്ധിച്ച് നോട്ടിസ് പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
അതേ സമയം, ഏപ്രില്‍ അവസാനം ആരംഭിക്കുന്ന സ്കോട്ടിഷ് ലീഗില്‍ കളിക്കണമെങ്കില്‍ 90 ദിവസം മുന്‍പെങ്കിലും ടീമിനൊപ്പം ചേരണമെന്നാണ് നിയമം. അതനുസരിച്ച് 29ന് ശ്രീശാന്ത് അവിടെയെത്തണം. ഒത്തുകളി വിവാദത്തില്‍പെട്ട് ക്രിക്കറ്റില്‍ നിന്നു വിലക്കിയതിനെ തുടര്‍ന്ന് സിനിമയും മറ്റുമായി തിരക്കിലായിരുന്നു ശ്രീശാന്ത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്തു നിന്നു മത്സരിക്കുകയും ചെയ്തു. കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതോടെ ക്രിക്കറ്റിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലായിരുന്നു താരം. ഇതിനിടയിലാണ് സ്കോട്ടിഷ് ലീഗില്‍ നിന്നുള്ള വിളി എത്തുന്നത്.
വിലക്കുള്ളതിനാല്‍ ബി.സി.സി.ഐയുടേയോ കെ.സി.എയുടേയോ ഗ്രൗണ്ടുകളില്‍ പരിശീലനം നടത്താന്‍ ആകുമായിരുന്നില്ല. തുടര്‍ന്ന് പഴയ ടീമായ മുത്തൂറ്റിന്റെ ഗ്രൗണ്ടില്‍ അവരുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് പരിശീലനം നടത്തി വരികയായിരുന്നു ശ്രീശാന്ത്.
കളിക്കാന്‍ പൂര്‍ണമായി തയ്യാറെടുത്തിരുന്നെങ്കിലും ബി.സി.സി.ഐയുടെ നിസഹകരണം ശ്രീശാന്തിന്റെ കരിയറില്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."