അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം; പൂപ്പൊലി 2017ന് നാളെ തുടക്കമാകും
കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന പുഷ്‌പോത്സവത്തിന്റെ (പൂപ്പൊലി) നാലാമത് പതിപ്പിന് നാളെ തുടക്കമാകും. ഫെബ്രുവരി ഒന്‍പതു വരെയാണ് പുഷ്പ ഫല പ്രദര്‍ശന മേള നടക്കുക. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കും. ഫെബ്രുവരി ഒന്‍പതിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഏകദേശം 20 ലക്ഷത്തോളം ജനങ്ങള്‍ മേള സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോസ് ഗാര്‍ഡന്‍, ഓര്‍ക്കിഡ് ഗാര്‍ഡന്‍ തുടങ്ങിയവയും വിവിധ വാണിജ്യ വ്യാപാര സ്റ്റാളുകളും പൂപ്പൊലിയുടെ ഭാഗമായി തയാറാക്കിയിട്ടുണ്ട്. റോസ് ഗാര്‍ഡനാണ് ഇത്തവണത്തെ മുഖ്യആകര്‍ഷണം. ഇതിനായി 466 ഇനം റോസ് ചെടികള്‍ വിദേശരാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്തിട്ടുണ്ട്. നിലവില്‍ 1200-ഓളം റോസ് ഇനങ്ങളും കേന്ദ്രത്തിലുണ്ട്.
അമ്പലവയലില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കൈവശമുള്ളതില്‍ 12 ഏക്കര്‍ സ്ഥലമാണ് പുഷ്‌പോത്സവത്തിനായി ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ പുഷ്‌പോത്സവത്തിന്റെ ഭാഗമായിരുന്ന ചന്ദ്രോദ്യാനം, സൂര്യോദ്യാനം, സ്വപ്‌നോദ്യാനം എന്നിവ ഇക്കുറിയും ഉണ്ടാകും. ഡാലിയ, ഓര്‍ക്കിഡ് ഉദ്യാനങ്ങള്‍, വിഷരഹിത പച്ചക്കറിത്തോട്ടം എന്നിവയും പൂപ്പൊലിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
5000ല്‍ പരം ഇനങ്ങളാണ് ഡാലിയ ഗാര്‍ഡനിലുള്ളത്. ഫെലനോപ്‌സിസ്. ഡെന്‍ഡ്രോബിയം, വാന്‍ഡ്, കറ്റാലിയ കുടുംബങ്ങളില്‍ നിന്നുള്ളതിനു പുറമേ വൈല്‍ഡ് ഇനങ്ങളും ഉള്‍പ്പെടുന്നതാണ് പൂപ്പൊലിക്കായി സജ്ജമാക്കുന്ന ഓര്‍ക്കിഡ് ഉദ്യാനം. കഴിഞ്ഞ വര്‍ഷങ്ങളിലെ പൂപ്പൊലി മേളകള്‍ വന്‍ വിജയമായിരുന്നു. ഇത്തവണ 80 ലക്ഷം രൂപ ചെലവും 150 ലക്ഷം രൂപ വരവുമാണ് പ്രതീക്ഷിക്കുന്നത്. 340 സ്റ്റാളുകള്‍ ഇക്കുറി ഉണ്ടാകും. പുഷ്‌പോത്സവം വിളംബരം ചെയ്ത് ഇന്ന് മിനി മാരത്തണ്‍ നടത്തും. വൈകുന്നേരം 4.30ന് സിവില്‍സ്റ്റേഷന്‍ പരിസരത്ത് ആരംഭിച്ച് പുഷ്‌പോത്സവനഗരിയില്‍ സമാപിക്കുന്ന മാരത്തണില്‍ ഒന്നാം സമ്മാനമായി കാല്‍ലക്ഷം രൂപ നല്‍കും.
30 രൂപ ടിക്കറ്റ് നിരക്കിലാണ് പുഷ്‌പോത്സവനഗരിയില്‍ പ്രവേശനം. തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 15 രൂപ മതിയാകും. 12 വയസില്‍ ചുവടെ പ്രായമുള്ളര്‍ക്ക് പ്രവേശനം സൗജന്യമാണ്. ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് പുഷ്‌പോത്സവ നഗരിയില്‍ പ്രവേശനം. എല്ലാ ദിവസവും കലാപരിപാടികള്‍ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."