ജില്ലാ റാലിയില്‍ പ്രസംഗിക്കാതെ പി ജയരാജന് വേദി വിട്ടു
തലശ്ശേരി: നോട്ട് നിരോധനത്തിനെതിരേ സി.പി.എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ തലശ്ശേരിയില്‍ സംഘടിപ്പിച്ച ജില്ലാ റാലിയില്‍ പ്രസംഗിക്കാതെ പി ജയരാജന് വേദി വിട്ടത് ചര്‍ച്ചയായി.
പി ജയരാജന് സ്ഥലത്ത് നിന്ന് സംഘാടകരോട് പോലും പറയാതെ പോയത് നേതാക്കളിലും പ്രവര്‍ത്തകരിലും അമ്പരപ്പുളവാക്കി.
ഇന്നലെ വൈകുന്നേരം തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്താണ് റാലിയോടനുബന്ധിച്ച് പൊതുയോഗം സംഘടിപ്പിച്ചിരുന്നത്. എ.എന്‍ ഷംസീര്‍ എം.എല്‍.എയായിരുന്നു അധ്യക്ഷന്‍. ഉദ്ഘാടകനായ എം. ബി രാജേഷ് എം.പി പ്രസംഗിച്ചതി ന് ശേഷം മോദിയെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്യുന്ന ലഘുനാടകം വേദിയില്‍ നടക്കുകയാണെന്നും അതിനാല്‍ ഇതിനു ശേഷം പി ജയരാജന് ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കുമെന്നും അധ്യക്ഷന്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു.
തുടര്‍ന്ന് വേദിയിലുള്ള പി ജയരാജന്, എം.വി ജയരാജന്, കെ.കെ സഹദേവന് എന്നിവര്‍ സദസില്‍ കയറി ഇരുന്നു. ഇതിനിടെ പി ജയരാജന് വേദി വിടുകയായിരുന്നു.
അധ്യക്ഷനുള്‍പ്പെടെയുള്ള നേതാക്കള്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ലഘു നാടകം സമാപിച്ചതിന് ശേഷം സദസിലുള്ളവര്‍ പോകുന്നതിനിടെ വേദിയിലെത്തിയ എ.എന്‍ ഷംസീര്‍ പൊതുയോഗം സമാപിച്ചിട്ടില്ലെന്നും ആരും പിരിഞ്ഞ് പോകരുതെന്നും അടുത്തതായി പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാന് പ്രസംഗിക്കുന്നതായിരിക്കുമെന്നം അനൗണ്‍സ് ചെയ്തു.
ഇതിനായി പി ജയരാജനെ ക്ഷണിക്കുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞിട്ടും ജയരാജനെ കാണാതായതോടെ ഷംസീര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നതും കാണാമായിരുന്നു.
അല്പ സമയത്തിന് ശേഷം പരിപാടി സമാപിച്ചതായി അധ്യക്ഷന്‍ തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."