അംഗീകാരം റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണം: സുധീരന്‍
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരപന്തല്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായവും നീതിയുക്തവുമായ പോരാട്ടമാണ് വിദ്യാര്‍ഥികള്‍ നടത്തിവരുന്നത്. വിദ്യാര്‍ഥികളുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ട ലോ അക്കാദമി പ്രിന്‍സിപ്പാള്‍ എത്രയുംപെട്ടന്ന് രാജിവയ്ക്കുകയാണ് വേണ്ടതെന്നും സുധീരന്‍ പറഞ്ഞു.
വിദ്യാര്‍ഥികളോട് മാത്രമല്ല രക്ഷകര്‍ത്താക്കളോടുപോലും മോശമായിട്ടാണ് കോളേജ് അധികൃതര്‍ പെറുമാറിയത്. യൂനിവേഴ്‌സിറ്റി സിന്റിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെ ബാധിക്കാത്തവിധം അക്കാദമിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും സുധീരന്‍ പറഞ്ഞു.
പ്രിന്‍സിപ്പാളിനെ മാറ്റിയത് കൊണ്ട് തീരുന്നതല്ല ഇവിടത്തെ പ്രശ്‌നങ്ങള്‍.മറ്റൊരു മേധാവി വന്നാല്‍ കൂട്ടികളെ വീണ്ടും 'ഹരാസ്' ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇന്റേണല്‍ മാര്‍ക്കിങ് സിസ്റ്റം ഇത്രമാത്രം ദുരുപയോഗം ചെയ്ത മാനേജ്‌മെന്റ് വേറെ കാണില്ല.
കോളജ് നടത്തിപ്പിന് ആവശ്യമായതില്‍ അധികം ഭൂമി പേരൂര്‍ക്കട ലോ കോളേജിന് നല്‍കിയ നടപടി സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.ഇപ്പോഴത്തെ മാനദണ്ഡപ്രകാരം മൂന്ന് ഏക്കര്‍ ഭൂമിമാത്രം മതിഎന്നതാണ് വ്യവസ്ഥ. സമരപന്തല്‍ സന്ദര്‍ശിച്ച ഭരണകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഉന്നയിച്ച ഇതേ ആവശ്യം ന്യായമാണെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."