കര്‍ഷക ആത്മഹത്യ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: രാജ്യത്തു വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ സംബന്ധിച്ച് സുപ്രിംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി. എന്തുകൊണ്ടാണു കര്‍ഷകര്‍ ജീവന്‍ അവസാനിപ്പിക്കുന്നത് എന്നതു സംബന്ധിച്ചു നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് എന്‍.വി രമണ എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ചാണ് ആവശ്യപ്പെട്ടത്.
ഇക്കാര്യം ആവശ്യപ്പെട്ടു കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടിസ് അയച്ച സുപ്രിംകോടതി, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ റിസര്‍വ് ബാങ്കിനും നിര്‍ദേശം നല്‍കി. രാജ്യത്തു പെരുകിവരുന്ന കര്‍ഷക ആത്മഹത്യകള്‍ തടയണമെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിതര സന്നദ്ധ സംഘടനയായ സിറ്റിസണ്‍സ് റിസോഴ്‌സ് ആന്‍ഡ് ആക്ഷന്‍ ഇനീഷ്യേറ്റിവ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് നാലാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
രാജ്യത്തു കര്‍ഷക ആത്മഹത്യ പെരുകിവരുന്നതു വൈകാരിക വിഷയമാണെന്നും ഇക്കാര്യം അറിയാന്‍ പൊതുജനങ്ങള്‍ക്കു കൂടി താല്‍പര്യമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ കര്‍ഷക ആത്മഹത്യ ചൂണ്ടിക്കാട്ടിയാണു ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചതെങ്കിലും ഇന്നലെ രാവിലെ ഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ച്, കര്‍ഷകരുടെ ആത്മഹത്യ ഒരു സംസ്ഥാനത്തെ മാത്രം പ്രശ്‌നമല്ലെന്നും അതു രാജ്യത്തുടനീളമുള്ള വിഷയമാണെന്നും നിരീക്ഷിച്ചാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടിസയച്ചത്. ഗുജറാത്തില്‍ 2013ല്‍ കൊല്ലപ്പെട്ട 692 കര്‍ഷകര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം വേണമെന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ കര്‍ഷക നയത്തില്‍ മാറ്റം വേണമെന്നും ആവശ്യപ്പെട്ട ഹരജിയില്‍ നേരത്തെ കോടതി ഗുജറാത്ത് സര്‍ക്കാരിനു നോട്ടിസയച്ചിട്ടുണ്ട്.
കടം, വിളനാശം, മറ്റു സാമൂഹിക-സാമ്പത്തിക കാരണങ്ങള്‍ എന്നിവ മൂലമാണു കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നതെന്ന് 2014ലെ നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി) കണക്ക് ഉദ്ധരിച്ച് കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചിരുന്നു. 2014ല്‍ 5,560 കര്‍ഷകരാണു രാജ്യത്ത് ജീവനൊടുക്കിയത്. ഇതില്‍ 2568ഓളം വരുന്ന പകുതിപേരും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ചു ജനസംഖ്യ കുറവുള്ള തെലങ്കാനയിലാണ് പിന്നീട് കൂടുതല്‍ കര്‍ഷകര്‍ ജീവനൊടുക്കിയത്. തെലങ്കാനയില്‍ 898ഉം മധ്യപ്രദേശില്‍ 826ഉം കര്‍ഷകരാണു ജീവനൊടുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."