ഡ്രീം ഫിനാലെ
മെല്‍ബണ്‍: ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അവര്‍ വീണ്ടും കിരീടപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നു. ടെന്നീസ് കോര്‍ട്ടില്‍ കാല്‍പ്പനികതയും കരുത്തും കൊണ്ട് തരംഗ തീര്‍ത്ത റോജര്‍ ഫെഡറര്‍- റാഫേല്‍ നദാല്‍ ഫൈനലിനു ഇത്തവണ മെല്‍ബണ്‍ പാര്‍ക്കിലെ ലോര്‍ഡ് ലവര്‍ അരേന വേദിയാകും. സെമിയില്‍ നദാല്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചപ്പോള്‍ ഫെഡറര്‍ സ്വന്തം നാട്ടുകാരനും മുന്‍ ചാംപ്യനുമായ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ കീഴടക്കിയാണ് കലാശപ്പോരിനെത്തുന്നത്. ഇരുവരും ത്രില്ലര്‍ പോരാട്ടങ്ങള്‍ അതിജീവിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയാണ് സ്വപ്ന കുതിപ്പിലൂടെ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. 2011ലെ ഫ്രഞ്ച് ഓപണിലാണ് അവസാനമായി ഫെഡറര്‍- നദാല്‍ പോരാട്ടം അരങ്ങേറിയത്.
നാലു മണിക്കൂറും 56 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ 6-3, 5-7, 7-6 (7-5), 6-7 (4-7), 6-4 എന്ന സ്‌കോറിനാണ് നദാല്‍ വിജയിച്ചത്.
ഫെഡറര്‍ 7-5, 6-3, 1-6, 4-6, 6-3 എന്ന സ്‌കോറിനു വിജയം പിടിച്ചു. ആദ്യ രണ്ടു സെറ്റുകളും നേടി അനായാസം വിജയിക്കാമെന്ന ഫെഡററുടെ മോഹം വാവ്‌റിങ്ക പിന്നീടുള്ള സെറ്റുകള്‍ നേടി അട്ടിമറിച്ചു. അടുത്ത രണ്ടു സെറ്റുകളും വാവ്‌റിങ്ക നേടിയതോടെ അഞ്ചാം സെറ്റ് നിര്‍ണായകമായി. എന്നാല്‍ തന്റെ പരിചയസമ്പത്തിന്റെ ബലത്തില്‍ ഫെഡറര്‍ സെറ്റും ഫൈനല്‍ ബര്‍ത്തും സ്വന്തമാക്കി.
കരിയറിലെ തിരിച്ചടികളുടെ കാലം കടന്നാണ് ഫെഡററും നദാലും നാളെ നേര്‍ക്കുനേരെത്തുന്നത്. കരിയറിലെ 18ാം ഗ്രാന്‍ഡ് സ്ലാം കിരീടവും അഞ്ചാം ആസ്‌ത്രേലിയന്‍ ഓപണുമാണ് ഫെഡററുടെ ലക്ഷ്യമെങ്കില്‍ 15ാം ഗ്രാന്‍ഡ് സ്ലാം കിരീടവും രണ്ടാം ആസ്‌ത്രേലിയന്‍ ഓപണുമാണ് നദാലിന്റെ മുന്നിലുള്ളത്. കരിയറിലെ ഒറ്റ തവണയാണ് നദാല്‍ ഇവിടെ ചാംപ്യനായിട്ടുള്ളത്. 2009ല്‍. അന്ന് റോജര്‍ ഫെഡററെ കീഴടക്കിയാണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഫെഡറര്‍ 2015ലെ വിംബിള്‍ഡണ്‍ ഫൈനലിലെത്തിയ ശേഷം ഇപ്പോഴാണ് ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ വീണ്ടുമെത്തുന്നത്. നിലവില്‍ ഇരുവരും മികച്ച ഫോമിലാണെന്നതിനാല്‍ ക്ലാസിക്ക് പോരാട്ടത്തിനാണ് അക്ഷരാര്‍ഥത്തില്‍ മെല്‍ബണ്‍ പാര്‍ക്കില്‍ അരങ്ങൊരുങ്ങിയിരിക്കുന്നത്.
എന്തായാലും കിരീടം വീട്ടിലെത്തും
വനിതകളുടെ പോരാട്ടമാണ് ഇത്തവണ ശ്രദ്ധേയം. പ്രായത്തിന്റെ അസ്വസ്ഥകളെ കാറ്റില്‍ പറത്തി വീനസ് വില്ല്യംസ് നടത്തിയ കുതിപ്പിനാല്‍ ഓര്‍ക്കപ്പെടും ഇത്തവണത്തെ ആസ്‌ത്രേലിയന്‍ ഓപണ്‍. ഫൈനലില്‍ അനിയത്തിയും ലോക രണ്ടാം നമ്പര്‍ താരവുമായ സെറീന വില്ല്യംസാണ് എതിരാളി. സെറീന 23ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുമ്പോള്‍ വീനസ് എട്ടാം കിരീടമാണ് മുന്നില്‍ കാണുന്നത്.
നാട്ടുകാരിയായ വാന്‍ഡവെഗയെ കീഴടക്കിയാണ് വീനസിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: 6-7 (3-7), 6-2, 6-3.
ക്രൊയേഷ്യന്‍ താരം ലസിക്ക് ബറോനിയെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. സ്‌കോര്‍: 6-2, 6-1.
ആസ്‌ത്രേലിയന്‍ ഓപണില്‍ ഇതുവരെ മുത്തമിടാന്‍ കഴിയാത്തതിന്റെ നിരാശ തീര്‍ക്കാനുള്ള അവസരമാണ് വെറ്ററന്‍ താരത്തിനുള്ളത്. 14 വര്‍ഷം മുന്‍പ് ഇവിടെ ഒരു തവണ ഫൈനലിലെത്തിയെങ്കിലും അന്നു വഴി മുടക്കിയത് സെറീനയായിരുന്നു. 2009ലെ വിംബിള്‍ഡണ്‍ പോരാട്ടത്തിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയ ശേഷം ഇതാദ്യമായാണ് ഇരുവരും നേര്‍ക്കുനേര്‍ വീണ്ടും വരുന്നത്. ആരു ജയിച്ചാലും ഇത്തവണത്തെ ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം വില്ല്യംസ് വിട്ടീലേക്കാണെന്നുറപ്പിക്കാം.
സാനിയ സഖ്യം ഫൈനലില്‍;
പെയ്‌സ്- ഹിംഗിസ് പുറത്ത്
ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു കരുത്തേകി സാനിയ മിര്‍സയും ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗും ചേര്‍ന്ന സഖ്യം മിക്‌സ്ഡ് ഡബിള്‍സ് ഫൈനലിലെത്തി. കരിയറിലെ ഏഴാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിലേക്ക് ഒറ്റ വിജയത്തിന്റെ അകലമേ ഇനി സാനിയക്കുള്ളു. സെമിയില്‍ ആസ്‌ത്രേലിയന്‍ താരങ്ങളായ സാമന്ത സ്റ്റോസര്‍- സാം ഗ്രോത് സഖ്യത്തെയാണ് സാനിയ സഖ്യം കീഴടക്കിയത്. ഒരു മണിക്കൂറും 18 മിനുട്ടും നീണ്ട പോരാട്ടത്തില്‍ 6-4, 2-6, 10-5 എന്ന സ്‌കോറിനാണ് സാനിയ സഖ്യം വിജയിച്ചത്.
നേരത്തെ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന വെറ്ററന്‍ ലിയാണ്ടര്‍ പെയ്‌സും സ്വിറ്റ്‌സര്‍ലന്‍ഡ് താരം മാര്‍ട്ടിന ഹിംഗിസും ചേര്‍ന്ന സഖ്യത്തെ വീഴ്ത്തിയാണ് സ്റ്റോസര്‍- ഗ്രോത് സഖ്യം സെമിയിലേക്ക് മുന്നേറിയത്. രണ്ടു സെറ്റ് നീണ്ട പോരാട്ടത്തില്‍ പൊരുതാന്‍ പോലും നില്‍ക്കാതെ പെയ്‌സ്- ഹിംഗിസ് സഖ്യം തോല്‍വി വഴങ്ങി. സ്‌കോര്‍: 3-6, 2-6.
മിക്‌സ്ഡ് ഡബിള്‍സില്‍ മൂന്നു കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സാനിയ നാലാം കിരീടവും ഡോഡിഗിനൊപ്പമുള്ള കന്നി കിരീടവുമാണ് ലക്ഷ്യമിടുന്നത്. നേരത്തെ ബ്രസീല്‍ താരം ബ്രൂണോ സോറസിനൊപ്പമാണ് സാനിയ മൂന്നു കിരീടങ്ങളും നേടിയത്.
ബതാനി മറ്റെക്ക്- സഫരോവ
സഖ്യം വിജയികള്‍
ആസ്‌ത്രേലിയന്‍ ഓപണ്‍ വനിതാ ഡബിള്‍സ് കിരീടം അമേരിക്കയുടെ ബതാനി മറ്റെക്ക് സാന്റ്‌സ്- ചെക്ക് റിപ്പബ്ലിക്കിന്റെ ലസി സഫരോവ സഖ്യത്തിന്. ഫൈനലില്‍ ചെക്ക് താരം അന്‍ന്ദ്രെ ഹ്ലവക്കോവ- ചൈനയുടെ ഷുയി പെങ് സഖ്യത്തെയാണ് ലോക ഒന്നാം നമ്പര്‍ ടീമായ മറ്റെക്ക്- സഫരോവ വീഴ്ത്തിയത്. സ്‌കോര്‍: 6-7 (4-7), 6-3, 6-3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."