പോളിയോ തുള്ളിമരുന്ന് വിതരണം 29ന്
കോഴിക്കോട്: പള്‍സ് പോളിയോ പ്രതിരോധത്തിനായുള്ള ഈ വര്‍ഷത്തെ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലയിലെ ആദ്യഘട്ടം 29ന് നടക്കുമെന്ന് അഡി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും.
അഞ്ചു വയസില്‍ താഴെയുള്ള ജില്ലയിലെ 2.5 ലക്ഷത്തോളം കുട്ടികള്‍ക്ക് മരുന്നു നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊട്ടു മുന്‍പുള്ള ദിവസം പോളിയോ വാക്‌സിന്‍ നല്‍കിയ കുട്ടികള്‍ക്കും പള്‍സ്‌പോളിയോ ദിനത്തില്‍ വാക്‌സിന്‍ നല്‍കണം. ഇതിനായി വിവിധ അങ്കണവാടികള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, മദ്‌റസകള്‍, വായനശാലകള്‍ എന്നിവിടങ്ങളിലായി 2262 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ 255 സൂപ്പര്‍വൈസര്‍മാരുടെയും 4797 വളണ്ടിയര്‍മാരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ-കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് വളണ്ടിയര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. അയല്‍ രാജ്യങ്ങളില്‍ പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്നും അഡി. ഡി.എം.ഒ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. സരള നായര്‍, ഡോ. പി. രഞ്ജിത്ത്, എം.പി മണി, ഡോ. എ.എം ഷെരീഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."