ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഈരാറ്റുപേട്ടയിലെ മനുഷ്യ ജാലിക
ഈരാറ്റുപേട്ട: എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ മുഹ്‌യുദ്ദീന്‍ പള്ളിക്ക് സമീപം കോട്ടുമല ബാപ്പു മുസലിയാര്‍ നഗറില്‍ നടത്തിയ മനുഷ്യ ജാലിക ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി ഇന്ത്യയിലും വിദേശത്തുമായി 40 കേന്ദ്രങ്ങളില്‍ നടന്ന മനുഷ്യ ജാലികയുടെ ഭാഗമായി നടന്ന ജാലിക പാണക്കാട് സയ്യിദ് ശമീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ .എസ് സംസ്ഥാന സെക്രട്ടറി ഒ.എം.ശരീഫ് ദാരിമി അധ്യക്ഷനായിരുന്നു.
ദേശിയോഗ്രഥന ഗാനം ജലീല്‍ കണ്ടത്തില്‍ ആലപിച്ചു.ഒ.എം.ശരീഫ് ദാരിമി ദേശിയോഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു.ശബരിമല മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി ,പാലാ രൂപതാ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.മാത്യു ചന്ദ്രന്‍ കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ജി.യൂണിവേഴ്‌സിറ്റി സി.എച്ച്.ചെയര്‍.ചെയര്‍പേഴ്‌സണ്‍ ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ പ്രമേയ പ്രഭാഷണം നടത്തി. കോട്ടയം തിരുനക്കര പുത്തന്‍പള്ളി ചീഫ് ഇമാം മഅ്മുന്‍ ഹുദവി വണ്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുള്‍ ഖാദര്‍ ബാഖവി, ഷാഫി ബാഖവി,പി.ഇ മുഹമ്മദ് സക്കീര്‍ ,കെ.കെ.മുഹമ്മദ് സാലി, പി.എസ്. ഷഫീഖ്, വി.എം.സിറാജ്, സി.പി. ബാസിത്, സുഹൈല്‍ വാഫി, പി.എ.ലിയാസ് എന്നിവര്‍ സംസാരിച്ചു.
രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുക അപ്രായോഗികമാണെന്ന് എസ്.കെ.എസ്.എസ്.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ മനുഷ്യജാലിക സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.വ്യത്യസ്ത മതവിഭാഗങ്ങള്‍ അവരുടെ ആദര്‍ശങ്ങളും വിശ്വാസങ്ങളും നിലനിര്‍ത്തി ജീവിക്കുന്ന സമൂഹമാണ് ഇന്ത്യയിലുള്ളത്. ഇത്തരം സാഹചര്യത്തില്‍ എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന പൊതു നിയമം നടപ്പാക്കാന്‍ സാധിക്കുകയില്ല.നാനാത്വത്തില്‍ ഏകത്വം എന്ന പൈതൃകം നശിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."