നഗരത്തെ കുളിപ്പിച്ച് പുതുവര്‍ഷത്തെ ആദ്യമഴയെത്തി
കോട്ടയം: പുതുവര്‍ഷത്തിലെ ആദ്യ മഴയെത്തി; അപ്രതീക്ഷിതമായി പെയ്ത മഴയില്‍ കുളിച്ച് നഗരം. ചൂടിന്റെ കാഠിന്യം ഏറിനില്‍ക്കെ പെയ്ത മഴ ആസ്വദിക്കുകയായിരുന്നു പലരും. സ്‌കൂള്‍ കുട്ടികളിലേറെയും കാത്തിരുന്നു പെയ്ത മഴ നനയുന്ന കാഴ്ച്ചയായിരുന്നു ഇന്നലെ കാണാന്‍ കഴിഞ്ഞത്.
ഉച്ചവരെ അതിശക്തമായ ചൂടാണ് അനുഭവപ്പെട്ടതെങ്കിലും വൈകുന്നേരമായതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അങ്ങിങ്ങായി ശക്തമായും അല്ലാതെയും മഴ പെയ്യാന്‍ തുടങ്ങി. മീനടം, പുതുപ്പള്ളി, ഞാലിയാംകുഴി, വാകത്താനം, മണര്‍ക്കാട് അടക്കം നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിലും മഴ പെയ്തു. 34 ഡിഗ്രി വരെ ഉയര്‍ന്ന ചൂടായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്ത് രേഖപ്പെടുത്തിയത്. അന്തരീക്ഷത്തിലെ താപനില കുറക്കാന്‍ മഴ കാരണമായിട്ടുണ്ട്. രാവിലെ മുതല്‍ ആരംഭിക്കുന്ന കടുത്ത ഉഷ്ണത്തില്‍നിന്ന് ശമനമായി ഉച്ചക്കുശേഷം കാലാവസ്ഥയും തണുത്ത നിലയിലേക്കെത്തി. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സമയത്ത് പെയ്ത മഴ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വെന്തുണങ്ങുന്ന കൃഷിക്കും വേനല്‍ മഴ കുളിര്‍മഴയായി മാറി.
പമ്പാടിയില്‍ മുളേക്കുന്ന് ഭാഗത്ത് പലയിടത്തും ആലിപ്പഴം പെയ്തു. മഴതുടങ്ങി അരമണിക്കൂറിന് ശേഷം ആലിപ്പഴം പെയ്യുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം അപ്രതീക്ഷിതമായി പെയ്ത മഴയില്‍ കാല്‍നടയാത്രക്കാരും, വിദ്യാര്‍ഥികളും വലഞ്ഞു. പുതുവര്‍ഷത്തിലെ ആദ്യ മഴ ഇരുചക്രവാഹനക്കാരെയും വഴിയില്‍ കുടുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."