തുഞ്ചന്‍ ഉത്സവത്തിന് തുടക്കമായി
തിരൂര്‍: കേന്ദ്രസാഹിത്യ അക്കാദമിയുടെയും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന തുഞ്ചന്‍ ഉത്സവത്തിന് തുഞ്ചന്‍പറമ്പില്‍ തുടക്കമായി. ഇന്നലെ രാവിലെ എട്ടിന് തുഞ്ചന്‍ കൃതികളുടെ പാരായണത്തോടെയാണ് ഉത്സവത്തിന് തുടക്കമായത്.
തമിഴ് സാഹിത്യകാരന് വൈരമുത്തു ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായി. പുസ്തകോത്സവ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി മോഹനന് നിര്‍വഹിച്ചു. വൈരമുത്തുവിന്റെ ചെറുകഥകള്‍ പുസ്തകം എം.ടി പ്രകാശനം ചെയ്തു. തിരൂര്‍ നഗരസഭാ ചെയര്മാന് അഡ്വ.എസ് ഗിരീഷ് സംസാരിച്ചു.
കോഴിക്കോട് ആകാശവാണിയുടെ ആഭിമുഖ്യത്തില്‍ നടന്ന കവിസമ്മേളനത്തില്‍ എം.ടി വാസുദേവന്‍ നായര്‍ ആമുഖപ്രഭാഷണം നടത്തി. സാഹിത്യകാരന്മാരായ വി. മധുസൂദനന്‍നായര്‍, പി.പി ശ്രീധരനുണ്ണി, പി.കെ ഗോപി, മണമ്പൂര്‍ രാജന്‍ബാബു, ആലങ്കോട് ലീലാകൃഷ്ണന്, വി.എം ഗിരിജ, റഫീഖ് അഹമ്മദ്, പി.പി രാമചന്ദ്രന്, ജെ. പ്രമീളാദേവി പങ്കെടുത്തു.
വൈകിട്ട് തുഞ്ചന്‍ കലോത്സവം സിനിമാ സംവിധായകന് ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ അമിത് മീണ, ആലങ്കോട് ലീലാകൃഷ്ണന് സംസാരിച്ചു. വൈകിട്ട് കര്‍ണാടക സംഗീത കച്ചേരി അരങ്ങേറി. ഞായറാഴ്ച രാവിലെ എട്ടിനാണ് എഴുത്താണി എഴുന്നള്ളിപ്പ്. രാവിലെ 10ന് ദേശീയ സെമിനാര്‍ ദേശീയ സെമിനാര്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."