പന്ത്രണ്ട് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ താഴിട്ടു
തിരുവനന്തപുരം: സംസ്ഥാനത്തെ പന്ത്രണ്ട് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ക്ക് താഴിടാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനിച്ചു. നിലവാരമില്ലെന്ന പരാതി ശരിവച്ചാണ് തീരുമാനം. സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ നിലവാരത്തെക്കുറിച്ചു പഠിച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, ഭരണസമിതി അംഗങ്ങളായ എം.ആര്‍ രഞ്ജിത്, ജോര്‍ജ് തോമസ് എന്നിവരുള്‍പ്പെട്ട മൂന്നംഗ വിദഗ്ധസമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനമെടുത്തത്.
102 ഹോസ്റ്റലുകളാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്നത്. പരിശോധനയുടെ അടിസ്ഥാനത്തില്‍ ഹോസ്റ്റലുകളെ എ, ബി, സി, ഡി എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും മോശം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡി വിഭാഗത്തിലുള്ള 12 ഹോസ്റ്റലുകളാണ് അടിയന്തരമായി പൂട്ടുന്നത്. അഞ്ജു ബോബി ജോര്‍ജും റോസക്കുട്ടിയും ഉള്‍പ്പെടെ നിരവധി ലോകതാരങ്ങളെ സംഭാവന ചെയ്ത തൃശൂര്‍ വിമല കോളജിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, കോട്ടയം സി.എം.എസ് എന്നിവയുള്‍പ്പെടെ പൂട്ടുന്ന പട്ടികയിലുണ്ട്.
നിലവാരം കുറഞ്ഞ 23 സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ ഈ വര്‍ഷം കുട്ടികള്‍ക്കു പ്രവേശനം നല്‍കില്ല. നിലവാരം മെച്ചപ്പെടുത്തണമെന്ന് നിര്‍ദേശിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കും. അല്ലാത്തപക്ഷം വരും വര്‍ഷം ഇവയും പൂട്ടും. ബാക്കി വിഭാഗത്തിലുള്ള ഹോസ്റ്റലുകള്‍ക്കും നില മെച്ചപ്പെടുത്താന്‍ അവസരം നല്‍കാനാണ് തീരുമാനം. 14 ജില്ലകളിലും സമിതി നടത്തിയ പരിശോധനയില്‍ പല സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെയും അവസ്ഥ ദയനീയമാണെന്ന് കണ്ടെത്തിയിരുന്നു.
കുട്ടികള്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നില്ല. ഹോസ്റ്റലുകളില്‍ കുട്ടികളെ കുത്തിനിറച്ചിരിക്കുകയാണ്. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ കഴിയുന്ന കുട്ടികളുടെ കായികരംഗത്തെ പ്രകടനവും മോശമാണെന്ന് സമിതി വിലയിരുത്തി. കായികതാരങ്ങള്‍ക്കു ഭക്ഷണത്തിനായി നല്‍കുന്ന തുകയില്‍ പല ഹോസ്റ്റലുകളും ക്രമക്കേട് നടത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രവര്‍ത്തനം നേരിട്ട് മനസിലാക്കുന്നതിന് പകല്‍ സമയങ്ങളിലും രാത്രികാലങ്ങളിലും ഹോസ്റ്റലുകളില്‍ പരിശോധനയ്ക്ക് പോയിരുന്നതായി വിദഗ്ധസമിതി അംഗവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മേഴ്‌സിക്കുട്ടന്‍ പറഞ്ഞു.
ഹോസ്റ്റലുകള്‍ പൂട്ടുന്നതോടെ പുറത്താവുന്ന കുട്ടികള്‍ക്ക് തുടര്‍ന്ന് താമസിക്കുന്നതിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സൗകര്യമൊരുക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഹോസ്റ്റലിലായിരിക്കും ഇവരെ തുടര്‍ന്ന് താമസിപ്പിക്കുക. ഹോസ്റ്റലുകളുടെ എണ്ണംകുറച്ച് മികവുള്ളവയെ പ്രോല്‍സാഹിപ്പിക്കാനാണു കൗണ്‍സില്‍ തീരുമാനം. ഹോസ്റ്റലുകളുടെ ദുരവസ്ഥയെക്കുറിച്ച് കുട്ടികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് മേഴ്‌സിക്കുട്ടന്‍ പറഞ്ഞു. ഹോസ്റ്റലുകളില്‍ ഒരുതരത്തിലുള്ള പരിശോധനയും നടക്കുന്നില്ലായിരുന്നു. അതാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."