ഊരിപ്പോകുന്ന അക്ഷരങ്ങള്‍
മഴക്കാലത്ത് മൂത്രപ്പുര നടത്തുന്നതു ലാഭകരമായിരിക്കുമെന്ന് കുഞ്ഞവറാന്‍. മലയാളികള്‍ ഏറ്റവും കൂടുതല്‍ മൂത്രമൊഴിക്കുന്ന കാലം.
ഞാനാണെങ്കില്‍ ഗള്‍ഫ് വിട്ടതിനു ശേഷം ഒരു തൊഴില്‍ അന്വേഷിച്ചു നടക്കുകയാണ്. ഇതുവരെ ഒന്നും തരപ്പെട്ടില്ല. ജയില്‍ശിക്ഷ കഴിഞ്ഞു വരുന്നവര്‍ക്കുപോലും ഇവിടെ ജോലിയുണ്ട്. ഗള്‍ഫ് കഴിഞ്ഞു വരുന്നവര്‍ എന്നും തേരാപാരയാണ്. എന്താണിങ്ങനെ ആരാണ് ആദ്യമായി നാടുവിട്ടത്. അറിഞ്ഞിരുന്നെങ്കില്‍ ഒന്നു പൊട്ടിക്കാമായിരുന്നു. ദുഷ്ടന്‍...
മൂത്രപ്പുര നടത്തുമ്പോള്‍ പല ഗുണങ്ങളുമുണ്ട്. ഒന്നിനു പോകാന്‍ മൂന്നു രൂപ (അഞ്ചു തന്നവന് പിന്നെ രണ്ട് തിരിച്ചു കൊടുക്കേണ്ട, ചില്ലറയില്ല).
രണ്ടിനു പോകാന്‍ എട്ടു രൂപ (പത്തു തന്നാല്‍ ബാക്കി കൊടുക്കാന്‍ ഇവിടെയും ചില്ലറയില്ല). പല സ്ഥലത്തും ചില്ലറയ്ക്ക് പകരം മിഠായി കൊടുക്കും. കക്കൂസ് നടത്തിപ്പിന് അതും ലാഭം. (ഞാനിന്ന് അഞ്ചുറുപ്പിക കൊടുത്തു കണ്ണൂരില്‍ മൂത്രമൊഴിച്ചു)
- നാലു മണിക്കുള്ള കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ഥികളുടെ ഉന്തും തള്ളും. തള്ളലില്‍ ഞെരിങ്ങിയിരിക്കുന്ന ഞാന്‍ ഒരു ഒന്‍പതാം ക്ലാസിനോടു ചോദിച്ചു. 'പ്രൈവറ്റ് ബസില്‍ കണ്‍സെഷന്‍ ഇല്ലേ'... ഒന്‍പത് പറഞ്ഞു. 'ഉണ്ട്, പാതി കൊടുക്കണം'. അപ്പോള്‍ ഞാന്‍ പറഞ്ഞു. 'പുതിയ സര്‍ക്കാര്‍ തെരക്കേടില്ല അല്ലേ'
അതുകേട്ട് ഒന്‍പത് കണ്ണ് രണ്ടും ചിമ്മി, ചുമല് കുലുക്കിച്ചിരിച്ചു. മതി. വയറു നിറഞ്ഞു. സന്തോഷമായി. വിദ്യാര്‍ഥികളുടെ യാത്ര സുഖമാക്കിയതിനും എന്നെപ്പോലെ സ്ഥിരം ബസ് യാത്രക്കാരെ ഞെക്കിഞെരുക്കി ഒതുക്കിവച്ചതിനും.
- ഇന്ന്, അമ്മദിനത്തില്‍ കുറെ അമ്മമാരുടെയും ഉമ്മമാരുടെയും പടം കണ്ടു. അമ്മ വാത്സല്യമാണെന്നും മുലപ്പാലാണെന്നും പൊക്കിള്‍ക്കൊടി ബന്ധമാണെന്നും പലരും ഓര്‍മിപ്പിക്കുന്നു. സന്തോഷം.
എന്റെ ഉമ്മ നീലേശ്വരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുകയാണ്. കഴിഞ്ഞ ദിവസം ഞാനവിടെ പോയിരുന്നു.
അതെ, ഉമ്മ നഷ്ടപ്പെട്ട മക്കള്‍ക്കേ ഉമ്മ എന്താണെന്ന് അറിയൂ. ആ തിരിച്ചറിവ് വേദനയുടെ തീരാത്ത നഷ്ടം തന്നെയാണ്. എല്ലാ അമ്മമാരും കുടുംബത്തിന്റെ ആഴമുള്ള കിണറാണ്. തെളിനീരാണ്.
- ഇടവഴിയിലെ പൂച്ച ഇന്നെന്നോടു പറഞ്ഞു. 'ഒന്നു മിണ്ടി യും പറഞ്ഞുമൊക്കെ പോ സാറേ, മിണ്ടാത്ത കാലമൊക്കെ കഴിഞ്ഞു...'
- വിറകു കീറുന്നതിനിടയില്‍ മഴു താഴെവച്ച്
പരശുരാമന്‍ പറഞ്ഞു. 'ഏറ്റവും വലിയ ആയുധം, സമാധാനമാണ്. ഛെ, അതുകൊണ്ടെറിഞ്ഞാല്‍ മതിയായിരുന്നു...'
- പുല്ലരിയുന്ന കാരിച്ചിക്ക് ക്ഷീണം വന്നപ്പോള്‍
അരിവാള്‍ വാങ്ങിവച്ചത് ഒരു കൈപ്പത്തിയായിരുന്നു.
ക്ഷീണം മാറിയപ്പോള്‍ കാരിച്ചി പറഞ്ഞു. 'കത്തി പിടിക്കാനും കൈവേണ്ടെ സാറേ...'
- ഞാന്‍ ഉപ്പ് തിന്നവനാണ്.
എന്നാല്‍, കുടിക്കാന്‍ വെള്ളമില്ല.
- പ്രണയിക്കാന്‍ മറന്നുപോയി നീ അരികിലുണ്ടായിരുന്നപ്പോള്‍. ഇപ്പോള്‍ മുറ്റം നിറയെ ചെടികളാണ്,നിറം കൊടുത്ത പൂക്കളും. ഇന്നലെ ആരോ വന്നുപറഞ്ഞു,നീയും ഒരു വസന്തമായെന്ന്. ആരുവന്നു വിളിച്ചാലും നീ വരില്ല, പുഷ്‌പോത്സവം നിന്നെ വിടില്ല. ഞാനിന്ന് നിന്റെ തോട്ടത്തിലെ കാവല്‍ക്കാരനാണ്, നീ പോലുമറിയാത്ത നിന്റെ സംരക്ഷകന്‍.
- തൊട്ടുമുന്‍പ് വലിയൊരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. ഞാന്‍ ആള്‍ക്കൂട്ടത്തോടു ചോദിച്ചു. 'ഇവിടെ പൂച്ചട്ടി വയ്ക്കണോ, മരം നട്ടുവളര്‍ത്തണോ'
ആള്‍ക്കൂട്ടം ഒന്നടങ്കം പറഞ്ഞു. 'അതൊന്നും വേണ്ട, ബക്കറ്റ് വച്ചാല്‍ മതി'.
- എന്റെ നീ പോകുന്നിടം എന്ന നോവലില്‍ കുട്ട്യാമ്മന്‍ എന്നൊരു കഥാപാത്രമുണ്ട്. മനുഷ്യന് രണ്ടു കൈ, രണ്ടു കാല്, രണ്ടു കണ്ണ്, രണ്ടു ചെവിപോലെ, അയാള്‍ക്ക് രണ്ടു സന്താനോല്‍പാദനവുമണ്ട്.
ലോറി ഡ്രൈവറാണ്. ചെല്ലുന്നിടത്തൊക്കെ പെണ്ണു കെട്ടും. കെട്ടിയ പെണ്ണിനെ നന്നായി നോക്കും. ആര്‍ക്കും പരാതിയില്ല. പരിഭവവും.
എന്നാല്‍, ഇതിലൊരു പെണ്ണ് ഒളിച്ചോടിപ്പോയി. സഹിക്കാന്‍ കഴിയാതെ 'രണ്ട് ' യന്ത്രത്തിന്റെ കഥ അവളാണ് നാട്ടുകാരോടു പറഞ്ഞത്. ഞാനിപ്പോള്‍ കുട്ട്യാമുവിനെ ഓര്‍ക്കുന്നു. ഇവിടെ പലര്‍ക്കും രണ്ടില്‍ കൂടുതലാണെന്ന് ഇപ്പോള്‍ അയാളും സമ്മതിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."