ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്രശ്‌നത്തിനു പരിഹാരം
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിക്കകത്തെ മാലിന്യ പ്ലാന്റില്‍ നിന്നു മാലിന്യം ഒഴുകി കിണറുകളില്‍ മലിനജലം നിറയുകയും ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്യുന്നുവെന്ന പരിസരവാസികളുടെ പരാതിയില്‍ അവരുടെ ആശങ്കയകറ്റാന്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
നാവിക അക്കാദമി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സംഭവത്തെക്കുറിച്ച് ഒരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ച് തങ്ങളുടെ ഭാഗത്ത് പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹാര നടപടികള്‍ സ്വീകരിക്കാമെന്ന് അറിയിച്ചതായും എം.എല്‍.എ പറഞ്ഞു. കിണറുകളിലെ വെള്ളം പരിശോധിച്ച് പ്രശ്‌നമെന്താണെന്ന് കണ്ടെത്താന്‍ ഭൂഗര്‍ഭ ജല വകുപ്പിന് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു.
കെം ടെല്ലിന്റെ നേതൃത്വത്തില്‍ രാമന്തളി പുഴയില്‍ നിന്ന് മണല്‍ ഖനനം ചെയ്യുന്ന പ്രവൃത്തി ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് ഒരു വര്‍ഷത്തേക്ക് മണലെടുക്കാന്‍ കമ്പനിക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും രണ്ട് വര്‍ഷമായി ഇത് നിര്‍ബാധം തുടരുകയാണെന്നും മണലിന് അമിത വില ഈടാക്കുന്നുവെന്നും സി കൃഷ്ണന്‍ എം.എല്‍.എ അരിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതേക്കുറിച്ചും ഇ മണല്‍ സംവിധാനമനുസരിച്ച് ഒരു ടണ്‍ മണലിന് അനുവദിച്ച 732 രൂപയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തഹസില്‍ദാര്‍, ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് പ്രതിനിധി, പയ്യന്നൂര്‍ മനിസിപ്പാലിറ്റി, രാമന്തളി പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന സംഘത്തെ കലക്ടര്‍ ചുമതലപ്പെടുത്തി.
ദേശീയപാത വികസനത്തിന് തടസമായി പയ്യന്നൂരില്‍ നിലനില്‍ക്കുന്ന അനധികൃത മില്‍മ ബൂത്ത് എടുത്തുമാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും സി കൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തി വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് കാരി ബാഗുകള്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ മാസത്തില്‍ 10 ലക്ഷം തുണി സഞ്ചികള്‍ ആവശ്യമായി വന്നതായും ഇവ നിര്‍മിക്കാന്‍ ജില്ലയില്‍ തന്നെ സൗകര്യം ഒരുക്കണമെന്നും കലക്ടര്‍ അറിയിച്ചു.
ഗാന്ധിസര്‍ക്കിളിലെ സ്‌റ്റോപ്പ് സിഗ്നല്‍ ലൈറ്റ് അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്നും കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സി കൃഷ്ണന്‍ എം.എല്‍.എ, എ.ഡി.എം മുഹമ്മദ് യൂസുഫ്, സബ് കലക്ടര്‍ രോഹിത് മീണ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ കെ.പി ഷാജു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."