നെല്ലറ കല്ലറയാവുന്നു; നിയമം നോക്കുകുത്തി
പാലക്കാട്: ജില്ലയിലെ ചില വില്ലേജ് ഓഫിസര്‍മാരുടെ സഹായത്തോടെ ചെങ്കല്‍ചൂള മാഫിയ നടത്തുന്ന പ്രകൃതി ചൂഷണം ജില്ലാകലക്ടര്‍ പി. മേരിക്കുട്ടി നേരിട്ടെത്തി കൈയ്യോടെ പിടികൂടി. നെമ്മാറ, മുതലമട പഞ്ചായത്തുകളിലെ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ചെങ്കല്‍ ചൂളകളിലാണ് പരിശോധന നടത്തിയത്.
അവധിദിനത്തില്‍ നടത്തിയ പരിശോധന അതത് പ്രദേശത്തെ വില്ലേജ് ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല. നെമ്മാറ പോത്തുണ്ടി റോഡിലെ അകംപാടം, ചാട്ടിയോട്, ചെമ്മന്‍തോട്, പോത്തുണ്ടി ഭാഗത്തെ ചൂളകളിലും, മുതലമടയിലെ ഒരു ചൂളയിലും കലക്ടറും, പ്രത്യേക സ്‌ക്വാഡും പരാശോധന നടത്തിയത്.
വേവിച്ചതും, വേവിക്കാത്തതുമായ 10 ലക്ഷത്തോളം ചെങ്കല്ലുകള്‍ കണ്ടുകെട്ടി. കാലങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ചൂളകള്‍ക്ക് വില്ലേജ് ഉദ്യോഗസ്ഥര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അതൊന്നും വക വയ്ക്കാതെയാണ് ചൂളകള്‍ വീണ്ടും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഒന്‍പത് ചൂള ഉടമകള്‍ പുതുതായി ചൂള നിര്‍മിക്കാനുള്ള അനുമതിക്കായി അതത് വില്ലേജ്, തഹസില്‍ദാര്‍ വഴി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. സംശയം തോന്നിയ കലക്ടര്‍ അപേക്ഷ പരിഗണിക്കുന്നതിനായി സ്ഥലം പരിശോധിക്കാന്‍ തീരുമാനിക്കുകയും അവിടെ എത്തുകയുമായിരുന്നു.
സ്ഥലത്തെത്തിയപ്പോളാണ് ഒരു സ്ഥലത്തൊഴിച്ചു ബാക്കിയെല്ലയിടത്തും അനധികൃതമായി ചൂളകള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത് കണ്ടത്. അകംപാടത്തെ ഒരു ചൂളയില്‍ തമിഴ്‌നാട്ടില്‍നിന്ന് ഇരുപതോളം കുടുംബങ്ങളെ പണികള്‍ക്കായി പാര്‍പിച്ചതായും, മാസങ്ങളായി അവര്‍ താമസിച്ചു പണികള്‍ നടത്തുന്നതായും പറഞ്ഞു.
മലയോളം ഉയരത്തില്‍ മണ്ണ് കൊണ്ടുവന്നു കൂട്ടിയിട്ടും, ചിലയിടത്തു നെല്‍പാടത്തുനിന്നും ഒരാള്‍ പൊക്കത്തില്‍ മണ്ണ് കുഴിച്ചെടുത്തുമാണ് ചെങ്കല്ല് ഉണ്ടാക്കുന്നത്. കാര്‍ഷികാവശ്യത്തിന് നല്‍കുന്ന സൗജന്യ വൈദ്യുതി ഉപയോഗിച്ചാണ് ചൂളയുണ്ടാക്കാന്‍ വെള്ളം പമ്പ് ചെയ്യുന്നത്.
കുടിവെള്ളത്തിന് പോലും ജനങ്ങള്‍ കഷ്ട്ടപെടുമ്പോഴാണ് വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പിന്‍വലത്തില്‍ ചൂളക്കാര്‍ വെള്ളം പമ്പ് ചെയ്തു ഉപയോഗിക്കുന്നത്. ചിലയിടത്തു കുഴല്‍ കിണര്‍ കുഴിച്ചും കിണറുകളില്‍നിന്ന് വെള്ളവും കൊണ്ടാണ് ചൂളകള്‍ പ്രവര്‍ത്തിക്കുന്നത്. തെങ്ങും പനയും മരങ്ങളും മുറിച്ചു കൊണ്ടുവന്നാണ് കല്ലുകള്‍ ചുട്ടെടുക്കുന്നത്.
ചൂളക്കാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് രാഷട്രീയക്കാരുടെ ഒത്താശയും ഉണ്ട്. ചില ജനപ്രതിനിധികളും ഇവരുടെ പിന്നിലുണ്ട്. നെല്‍വയല്‍ നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിലെ ചൂളകളുണ്ടാക്കുന്നവര്‍ക്കെതിരേ ഒരു നടപടിയും എടുക്കുന്നില്ല.ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചൂളകള്‍ക്കെതിരെയും, ചൂള ലോബിയുടെ ആളുകളായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
പൊലിസിന്റെ തണല്‍ ഉള്ളതാണ് നെമ്മാറയില്‍ ചൂളകള്‍ പെരുകാന്‍ കാരണം. ഇതിനിടയില്‍ അനധികൃത ചൂളകള്‍, കരിങ്കല്‍ ഖനം നടത്തുന്നവര്‍ക്കെതിരേ വിട്ടു വീഴ്ചയില്ലാതെ നടപടിക്കൊരുങ്ങുന്ന കലക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലുള്ള ഉദ്യോഗസ്ഥരെ സ്ഥലമാറ്റാനും അണിയറയില്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
10 ലക്ഷത്തോളം കല്ലുകള്‍ക്ക് പുറമെ, ഒരു ജെ.സി.ബിയും, ഒരു ടിപ്പറും കണ്ടുകെട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."