'ക്യാഷ്‌ലെസ്സ് ഇക്കോണമി' നടക്കില്ല?; 1000 രൂപയുടെ നോട്ടുകളും തിരിച്ചുവരുന്നു
ന്യൂഡല്‍ഹി: പിന്‍വലിച്ച 1000 രൂപയുടെ നോട്ട് പരിഷ്‌കരിച്ച രൂപത്തില്‍ തിരിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ സുരക്ഷയൊരുക്കിയും വലുപ്പം കുറച്ചുമായിരിക്കും പുതിയ നോട്ടുകള്‍ വരിക. പുതിയ നോട്ടുകള്‍ പുറത്തിറക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ മാറാന്‍ ഒരവസരം കൂടി നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് 1000 രൂപയുടെ പകരക്കാരന്‍ വരുന്നെന്ന വാര്‍ത്ത.
1000 രൂപയുടെ നോട്ടുകള്‍ വീണ്ടും പുറത്തിറക്കുകയാണെങ്കില്‍ നോട്ട് നിരോധനത്തിന് സര്‍ക്കാര്‍ മുമ്പോട്ടുവച്ച ന്യായങ്ങളെ അപ്പാടെ തള്ളുന്നതാവും. നവംബര്‍ എട്ടിന് നോട്ട് നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍, വലിയ ഡിനോമിനേഷന്‍ നോട്ടുകള്‍ കള്ളപ്പണക്കാര്‍ക്കും തീവ്രവാദികള്‍ക്കും സഹായകരമാണെന്നും ഇതു നിരോധിക്കുന്നതിലൂടെ കള്ളപ്പണം കുറയ്ക്കാനാവുമെന്നുമായിരുന്നു വാദം.
ആദ്യം തന്നെ 2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍ എത്തിച്ചെങ്കിലും ഇത് പിന്നീട് പിന്‍വലിക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ മുന്‍ തീരുമാനങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും മാറുകയായിരുന്നു.
കള്ളപ്പണം കണ്ടെത്താനാണ് നോട്ട് നിരോധിച്ചതെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്‍വലിച്ച തുകയെല്ലാം ബാങ്കുകളിലെത്തിയെന്നു സൂചന ലഭിച്ചതോടെ 'ക്യാഷ്‌ലെസ്സ് ഇക്കോണമി' എന്നതാണ് ലക്ഷ്യമെന്നു സര്‍ക്കാര്‍ പറഞ്ഞു. പക്ഷെ, 1000 രൂപയുടെ കൂടി പുതിയ നോട്ട് വന്നാല്‍ ഈ പ്രഖ്യാപനവും അസ്ഥാനത്താവും.
2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍ ഇപ്പോള്‍ സജീവമാണെങ്കിലും 500 രൂപയുടെ നോട്ട് എവിടെയും ആവശ്യത്തിന് എത്തിയിട്ടില്ല. ഇതുകൊണ്ടു തന്നെ നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും സമയപരിധി കഴിഞ്ഞിട്ടും ഒഴിവാക്കിയിട്ടുമില്ല. എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 4500 രൂപയില്‍ നിന്ന് 10,000 ആയി ഉയര്‍ത്തിയതു മാത്രമാണ് ആകെ വരുത്തിയ ഇളവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."