സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നവര്‍ക്ക് സൗകര്യമൊരുക്കും
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കാന്‍ സന്നദ്ധരായി വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ ഓഫീസ് തുടങ്ങുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുമെന്ന് ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന 'സീഡിങ് കേരള' ദ്വിദിന ശില്‍പശാലയുടെ ഭാഗമായി നടന്ന നയരൂപീകരണ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപസന്നദ്ധരായ വ്യക്തികളെ ഒരുമിച്ചുചേര്‍ത്ത് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ഉപയുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശില്‍പശാല സംഘടിപ്പിച്ചത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം പൊതുവെ തൃപ്തികരമാണെന്നാണ് നിക്ഷേപകരുടെ അഭിപ്രായമെന്ന് ശിവശങ്കര്‍ പറഞ്ഞു. ഇപ്പോള്‍ ബാല്യദശയിലായ സ്റ്റാര്‍ട്ടപ്പുകളുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് വിശദമായ രൂപരേഖ തയാറാക്കേണ്ടതുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ രണ്ടാം ഘട്ടത്തിലേക്കെത്തുന്നതോടെ പണലഭ്യതയ്ക്ക് തടസ്സമുണ്ടാകാതെ സുഗമമായി അവ മുന്നോട്ടുകൊണ്ടുപോകാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കും.
കേരളത്തില്‍ നിലവില്‍ എയ്ഞ്ചല്‍ ഫണ്ടിങിനുള്ള അവസരങ്ങള്‍ പരിമിതമാണ്. കേരളത്തിനു പുറത്തുനിന്നുള്ളവരാണ് കൂടുതലായുംധനസഹായവുമായെത്തുന്നത്. ഇവരില്‍ മലയാളികള്‍ ധാരാളമുണ്ടെങ്കിലും പ്രവര്‍ത്തനമേഖല പുറത്താണ്. അവര്‍ക്കുള്‍പ്പെടെ സംസ്ഥാനത്ത് കൂടുതല്‍ സൗകര്യങ്ങളുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാരിന്റെ ഐ.ടി നയത്തോടൊപ്പം സ്റ്റാര്‍ട്ടപ്പ് നയവും പ്രഖ്യാപിക്കുമെന്നും ഇത്തരം കാര്യങ്ങളെല്ലാം അതില്‍ ഉള്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ഡോ. ജയശങ്കര്‍ പ്രസാദും ഇരുപതോളം നിക്ഷേപകരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."