സ്റ്റുഡന്റ് പൊലിസ് പദ്ധതി; പുതിയ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഫണ്ടില്ല
പാറക്കടവ്: സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഫണ്ട് ലഭിച്ചില്ല. ബജറ്റില്‍ അനുവദിച്ച തുകയുടെ ഒരു വിഹിതം നല്‍കിയപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച എയ്ഡഡ് വിഭാഗത്തെ ഒഴിവാക്കി. ആദ്യ രണ്ടുവര്‍ഷം സ്വന്തം ചെലവിലും 5 ലക്ഷം രൂപ ഇതിനായി ബാങ്കില്‍ നിക്ഷേപിച്ചുമായിരുന്നു ഈ സ്‌കൂളുകള്‍ക്ക് അനുമതി ലഭിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞും ഫണ്ട് ലഭിക്കാത്തത് ബുദ്ധിമുട്ടിലാക്കി. കുട്ടികള്‍ക്കുള്ള ഭക്ഷണവും മറ്റു ചെലവുകളും അധ്യാപകര്‍ വഹിക്കേണ്ട അവസ്ഥയിലാണ്.
കുട്ടിപ്പൊലിസിന്റെ പ്രവര്‍ത്തനത്തിനായി 10.7 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. അധ്യയന വര്‍ഷം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം പൊലിസ് ആസ്ഥനത്തേക്ക് കൈമാറിയത് ഈ മാസമാണ്. ഒരു വിദ്യാര്‍ഥിക്ക് 3543 രൂപയാണ് നല്‍കുന്നത്. ഭക്ഷണം യൂനിഫോം എന്നിവയ്ക്കായി രണ്ടു വര്‍ഷത്തേക്കാണ് ഈ തുക. 530 സ്‌കൂളുകളിലായി 41000 കുട്ടികളാണുള്ളത്.
പഠനത്തോടൊപ്പം കായിക പരിശീലനവും സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ക്കുണ്ട്. ക്ഷീണിച്ചെത്തുന്ന കുട്ടികള്‍ക്ക് സ്വന്തം പണംകൊണ്ട് ആഹാരംവാങ്ങുകയല്ലാതെ വഴികളില്ലെന്ന് അധ്യാപകര്‍ പറയുന്നു. പലരുടെ കൈയില്‍ നിന്നും വലിയതുക ചെലവാക്കി കഴിഞ്ഞു. എ.ഡി.ജി.പി പി.വിജയന്‍ ആയിരുന്നു സ്റ്റുഡന്റ് പൊലിസിന്റെ സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചുമതല മറ്റൊരു കമ്മിറ്റിക്ക് കൈമാറി. ഇതോടെ ഉദ്യോഗസ്ഥതലത്തിലും ചില അസ്വാരസ്യങ്ങളുണ്ടാവുകയും പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയുമായിരുന്നു. എന്നാല്‍ പണം വിതരണം ചെയ്യുന്ന വ്യവസ്ഥകളില്‍ ചില മാറ്റം വരുത്തിയെങ്കിലും ഏതാനും ചില എയ്ഡഡ് സ്‌കൂളുകളെ മാത്രം ഒഴിവാക്കപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."