കെട്ടിടമുണ്ട്; വൈദ്യുതിയില്ല: മടിക്കൈ മോഡല്‍ കോളജിന്റെ പ്രവര്‍ത്തനം വാടകകെട്ടിടത്തില്
നീലേശ്വരം: കെട്ടിടമുണ്ടായിട്ടും വൈദ്യുതി ലഭിക്കാത്തതു കാരണം കോളജിന്റെ പ്രവര്‍ത്തനം ഇപ്പോഴും വാടകകെട്ടിടത്തില്. 2010ല്‍ തുടങ്ങിയ മടിക്കൈ മോഡല്‍ കോളജിനാണു ഈ ദുര്‍ഗതി.
ഒരു വര്‍ഷം മുമ്പാണ് ഒരു കോടി രൂപ ചെലവില്‍ ഐ.എച്ച്.ആര്.ഡി കോളജിനു കാഞ്ഞിരപ്പൊയിലില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. വൈദ്യുതി ലഭിക്കാത്തതാണു ഉദ്ഘാടനം വൈകുന്നതിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇവിടെ വൈദ്യുതി ലഭിക്കണമെങ്കില്‍ ത്രീഫെയ്സ് ലൈന്‍ വലിച്ചു പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം. ഇതിനായി പഞ്ചായത്ത് പ്രസിഡന്റും കോളജ് അധികൃതരും ചീഫ് എന്‍ജിനിയര്‍ക്കു മാസങ്ങള്‍ക്കു മുന്‍പുതന്നെ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
കെട്ടിട നിര്‍മാണത്തിനായി എം.എല്‍.എയുടെ വികസന നിധിയില്‍ നിന്ന് അനുവദിച്ച ഒരു കോടിയില്‍ പത്തുലക്ഷം രൂപ ബാക്കിയുണ്ട്.
ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനാവശ്യമായ നാലര ലക്ഷം രൂപയ്ക്കും പ്ലംബിങ് പണികള്‍ക്കും ഈ തുക മതിയാകും. എന്നാല്‍, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനുള്ള സാങ്കേതികാനുമതി ഇനിയും ലഭ്യമായിട്ടില്ല. അതുകൊണ്ടു തന്നെ മൂന്നു ബിരുദ കോഴ്സുകളിലായുള്ള 250 ഓളം വിദ്യാര്‍ഥികളുടെ പഠനം ഇന്നും കുടുസു മുറികളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."