ജില്ലയില്‍ തീപിടിത്തം വ്യാപകം; നെട്ടോട്ടമോടി ഫയര്‍ഫോഴ്‌സ്
മലപ്പുറം: ചൂടിന് കാഠിന്യമേറിയതോടെ ജില്ലയില്‍ തീപിടിത്തങ്ങള്‍ വ്യാപകം. നഗര, ഗ്രാമ പ്രദേശങ്ങളില്‍ കരിഞ്ഞുണങ്ങിയ പുല്‍മേടുകളും കുന്നില്‍ ചെരിവുകളിലെ കുറ്റിക്കാടുകളും രാപ്പകല്‍ ഭേദമന്യേ അഗ്നിക്കിരയാകുകയാണ്. ദിവസേനെ നിരവധി വിളികളാണ് സഹായമഭ്യര്‍ഥിച്ച് ഫയര്‍ സ്റ്റേഷനുകളില്‍ എത്തുന്നത്. ഇന്നലെ മാത്രം ജില്ലയില്‍ നാലിടത്താണ് തീ പടര്‍ന്നുപിടിച്ചത്.
ഉച്ചക്ക് ഒന്നോടെ മക്കരപ്പറമ്പ് പോത്തുകുണ്ടില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിന് തീപിടിച്ചു. പരിസര പ്രദേശങ്ങളില്‍ ആള്‍താമസമുള്ള വീടുകളുണ്ടായിരുന്നുവെങ്കിലും തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് രണ്ടരയോടെ കാരാത്തോട് ഇന്‍കെല്‍ വ്യവസായ പാര്‍ക്കിന്റെ സ്ഥലത്തും തീപടര്‍ന്നു. ഇവിടെ നാലേക്കറോളം സ്ഥലത്ത് തീ പടര്‍ന്ന് പിടിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും എത്തിയാണ് ഇവിടെ തീയണച്ചത്. ഫയര്‍ഫോഴ്‌സ് ഇവിടെ തീ അണച്ചുകൊണ്ടിരിക്കേയാണ് പടിഞ്ഞാറ്റുമുറിയില്‍ വയല്‍ കത്തിയത്.
ഫയര്‍ഫോഴ്‌സിന്റെ വാഹനം കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ ഇവിടെ തീ മരച്ചില്ലകളും മറ്റും ഉപയോഗിച്ച് അടിച്ചുകെടുത്തുകയായിരുന്നു.
തുടര്‍ന്ന് വൈകീട്ട് 6.30ന് കരാത്തോട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് മുകള്‍ ഭാഗത്തും തീപിടിച്ചു. ഏഴ് ഏക്കറോളം ഇവിടെ തീ പടര്‍ന്നുപിടിച്ചിരുന്നു. ശക്തമായ കാറ്റുണ്ടായതിനാല്‍ തീ പെട്ടെന്ന് പടര്‍ന്നുപിടിക്കുകയായിരുന്നു. അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളില്‍നിന്നും മറ്റുമാണ് തീപടര്‍ന്നു പിടിക്കുന്നതെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."