മാമാങ്ക മഹോത്സവം 12ന് തുടങ്ങും
തിരുനാവായ: സംഘര്‍ഷഭരിതമായ അന്തരീഷത്തില്‍ ഈ വര്‍ഷത്തെ മാമാങ്ക മഹോത്സവത്തിന് തിയതി കുറിച്ചു. ഫെബ്രുവരി 12, 13, 14 തിയതികളിലാണ് മാമാങ്ക മഹോത്സവം നടക്കുക. തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരിയുടെ അധ്യക്ഷതയില്‍ നിളാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗത സംഘരൂപീകരണ യോഗമാണ് കോലാഹലത്തില്‍ മുങ്ങിയത്. മലപ്പുറം ഡിടിപിസിയാണ് മാമാങ്ക മഹോത്സവം സംഘടിപ്പിക്കുന്നത്. പഞ്ചായത്തിന്റെയും ഡിടിപിസിയുടെയും ക്ഷണം സ്വീകരിച്ച് യോഗത്തില്‍ പങ്കെടുത്ത യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരേ മുന്‍ പഞ്ചായത്ത് മെമ്പറുടെ ഭാഗത്ത് നിന്നുണ്ടായ ചില പരാമര്‍ശങ്ങള്‍ യോഗത്തെ ബഹളത്തില്‍ മുക്കുകയായിരുന്നു.
മുന്‍കൂട്ടി തയാറാക്കി കൊണ്ടുവന്ന സ്വാഗതസംഘത്തിന്റെയും സബ് കമ്മിറ്റികളുടെയും കരട് ലിസ്റ്റിനെ യോഗത്തില്‍ പങ്കെടുത്ത യുവജന സംഘടനകള്‍ എതിര്‍ത്തു. ഇതോടെ സ്വാഗതസംഘം വിപുലീകരിക്കാന്‍ പഞ്ചായത്തും ഡിടിപിസിയും തയാറായി.പഞ്ചായത്തിലെ യുവജന സംഘടനകള്‍ക്കും വിവിധ ക്ലബുകള്‍ക്കും പ്രാതിനിധ്യം നല്‍കി ജംബോ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഘോഷയാത്രയെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉയര്‍ന്നു. അതിനിടെ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന് അനധികൃത കളരിസംഘങ്ങളെ പങ്കെടുപ്പിക്കാന്‍ നീക്കം നടത്തുന്നത് യോഗത്തില്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഉത്സവത്തോടനുബന്ധിച്ച് അനധികൃത ആയുധ പരിശീലനവും പ്രദര്‍ശനവും തടയാന്‍ ആഭ്യന്തര വകുപ്പ് ജില്ലാ കലക്ടര്‍ക്കും പൊലിസ് മേധാവിക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിടിപിസി സെക്രട്ടറി കെ സുന്ദരന്‍, ഡിടിപിസി അംഗം അഡ്വ. മോഹന്‍ദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ഗോഡ്‌ലീഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."