ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ ബയോഗ്യാസ് നല്‍കുന്നതില്‍ ക്രമക്കേട്
ചിറ്റൂര്‍: മാലിന്യ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ ബയോഗ്യാസ് യൂനിറ്റുകള്‍ നല്‍കുന്നതില്‍ ക്രമക്കേടെന്ന് പരാതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപേക്ഷ കൊടുത്തവര്‍ക്ക് നല്‍കാതെ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നുവെന്ന് പരക്കെ ആക്ഷേപമുണ്ട് .
കഴിഞ്ഞ ഭരണസമിതിയുള്ളപ്പോള്‍ത്തന്നെ നിവവധിപേര്‍ ബയോഗ്യാസ് യൂനിറ്റിനുവേണ്ടി അപേക്ഷ നല്‍ികിയിരുന്നു. വീട്ടിലെ ഭക്ഷ്യ അവശിഷ്ടങ്ങളില്‍ നിന്നും ശരാശരി ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ ഇന്ധനം ലഭ്യമാകുന്ന മാര്‍ഗമാണിത്. പതിനയ്യായിരം രൂപയോളം വില വരുന്ന ഒരു യൂനിറ്റിന് 2500 രൂപ നല്‍ികിയാല്‍ മതിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ബാക്കി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുമെന്നും പറഞ്ഞിരുന്നു. പക്ഷെ സബ്‌സിഡിയെ ച്ചൊല്ലിയും മറ്റും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ പദ്ധതി ഉപേക്ഷിച്ചു. ഇതേ സമയം പാലക്കാട് ജില്ലയില്‍ നിരവധി പ്രദേശങ്ങളില്‍ ഗ്യാസ് യൂനിറ്റുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു കൊടുത്തിട്ടുണ്ട്.
പുതിയ ഭരണസമിതി വന്നപ്പോഴും പ്രശ്‌നം തുടര്‍ന്നെങ്കിലും ഗുണഭോക്താക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 3000 രൂപക്ക് ഗ്യാസ് യൂനിറ്റ് നല്‍കാന്‍ തയ്യാറായി. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ ഉത്തരവാദിത്തത്തില്‍ അപേക്ഷയും പണവും സ്വീകരിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ബയോഗ്യാസ് പദ്ധതി യാഥാര്‍ഥ്യമായില്ല.
അതിനിടെയാണ് ചിലരുടെ വീടുകളില്‍ ഇത് സ്ഥാപിക്കുന്നതിനുള്ള ശ്രമം നടന്നുവരുന്നത്. ഗ്യാസ് ടാങ്കും, പൈപ്പും, അടുപ്പും അടങ്ങുന്ന യൂനിറ്റ് നഗരസഭയില്‍ ചെന്ന് പെട്ടി ഓട്ടോയില്‍ കയറ്റി സ്വന്തം ചെലവില്‍ കൊണ്ടുപോകാനാണ് അധികൃതര്‍ പറയുന്നത്. കൊണ്ടുപോയവരുടെ മിക്ക വീടുകളിലും ഇത് ബന്ധപ്പെട്ട ഏജന്റുമാര്‍ സ്ഥാപിച്ചിട്ടുമില്ല.
അതേ സമയം പണം അടച്ച തങ്ങള്‍ക്ക് ഇത് അനുവദിച്ചിട്ടുണ്ടോ എന്നുപോലും അറിയാതെ വിഷമിച്ചിരിക്കുന്നവരാണ് ഭൂരിപക്ഷം പേരും. സ്വജന പക്ഷപാതവും രാഷ്ടീയ താത്പര്യവുമാണ് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."